മുറിവേറ്റവരുടെ ശബ്ദം; അഭയാർത്ഥികളുടെ സംരക്ഷകൻ

മുറിവേറ്റവരുടെ ശബ്ദം; അഭയാർത്ഥികളുടെ സംരക്ഷകൻ


മുറിവേറ്റവരുടെ വേദനകൾ അകറ്റാനും അവരുടെ ശബ്ദമാകാനും യുദ്ധക്കെടുതികളിൽ സമാധാനത്തിന്റെ സന്ദേശ വാഹകനാകാനുമായിരുന്നു ജീവിതാന്ത്യം വരെ ഫ്രാൻസിസ് മാർപാപ്പ പരിശ്രമിച്ചത്.

ഏറ്റവുമൊടുവിൽ ഈസ്റ്റർദിനത്തിൽ നൽകിയ സന്ദേശത്തിൽ പോലും ഗാസയിൽ വെടിനിർത്തൽ വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ  ആവശ്യപ്പെട്ടിരുന്നു. ബന്ദികളെ വിട്ടയക്കണമെന്ന് ഹമാസിനോടും അദ്ദേഹം അഭ്യർഥിച്ചു. ഗാസയിലെ സ്ഥിതി പരിതാപകരമാണ്. പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാൻ മുന്നോട്ട് വരണം. ഇസ്രായേലിലേയും പാലസ്തീനിലെയും കഷ്ടപ്പെടുന്ന മനുഷ്യർക്കൊപ്പമാണ് തന്റെ മനസെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തിൽ കഴിഞ്ഞിരുന്ന മാർപാപ്പ അൽപനേരമാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാൽകണിയിൽ വിശ്വാസികൾക്ക് ദർശനം നൽകിയത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തടിച്ചുകൂടിയ ആയിരങ്ങൾക്ക് നേരെ കൈവീശി അദ്ദേഹം ഈസ്റ്റർ ആശംസകൾ നേർന്നു. 'സഹോദരീ സഹോദരന്മാരേ, ഈസ്റ്റർ ആശംസകൾ'  അദ്ദേഹം പറഞ്ഞു. തുടർന്ന് തന്റെ പ്രസംഗം (ഉർബി എറ്റ് ഓർബി) വായിക്കാൻ സഹായിയോട് നിർദേശിക്കുകയായിരുന്നു. വിശ്രമത്തിലായതിനാൽ മാർപാപ്പക്ക് പകരം കർദിനാൾ ആഞ്ചലോ കോമാസ്ട്രിയാണ് ഈസ്റ്റർ കുർബാനക്ക് നേതൃത്വം നൽകിയത്. ദുഃഖവെള്ളിയിലെയും വിശുദ്ധ ശനിയിലെയും ആരാധനകളും അദ്ദേഹം ഒഴിവാക്കിയിരുന്നു.

38 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം മാർച്ച് 23ന് വത്തിക്കാനിൽ തിരിച്ചെത്തിയ 88കാരനായ മാർപാപ്പ ചുരുക്കം തവണ മാത്രമേ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ബസിലിക്കയിലേക്കുള്ള യാത്രാമധ്യേ, കുടുംബത്തോടൊപ്പം റോമിൽ ഈസ്റ്റർ ആഘോഷിക്കുന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി മാർപാപ്പ ഹോട്ടലിൽ അൽപനേരം കൂടിക്കാഴ്ച നടത്തി.


അടിച്ചമർത്തപ്പെട്ടവൻറെ ശബ്ദമാകാൻ എന്നും ഫ്രാൻസിസ് മാർപാപ്പക്ക് കഴിഞ്ഞിരുന്നു. മുറിവേറ്റവന് വേണ്ടിയാണ് അദ്ദേഹത്തിൻറ നാവ് എന്നും ചലിച്ചുകൊണ്ടിരുന്നത്. അതിൽ നിറമോ, വർണ്ണമോ, മതമോ ഒന്നും അദ്ദേഹത്തിന് ബാധകമല്ലായിരുന്നു. ദരിദ്ര രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ എതിർത്ത അതേ സ്വരത്തിൽ തന്നെ അദ്ദേഹം വികസിത രാജ്യങ്ങളിലെ അസമത്വത്തിനെതിരെയും ശബ്ദം ഉയർത്തി. അതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അനധികൃത കുടിയേറ്റത്തിനെതിരെ ട്രംപ് ഭരണകൂടം ചെയ്യുന്ന നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്.


'വികസിത രാജ്യങ്ങളിൽ പോലും, അന്യായമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് വ്യക്തമാണ്. നമ്മൾ എപ്പോഴും ശ്രമിക്കേണ്ടത് ഇത്തരം തെറ്റുകൾ തിരുത്താനാണ്. പ്രതീക്ഷ   പുനഃസ്ഥാപിക്കുക,പ്രതിബദ്ധത നിലനിർത്തുക അതുവഴി  ജനങ്ങളുടെ ക്ഷേമം  ഉറപ്പാക്കണം. നല്ല ശമരിയാക്കരൻറ പാത എങ്ങനെയായിരിക്കണമെന്ന് അദ്ദേഹം എന്നും ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.

സാമൂഹിക അനീതികൾക്കെതിരെ ശബ്ദമുയർത്തിയിരുന്ന ഫ്രാൻസിസ് മാർപാപ്പ തൻറെയും സഭയുടെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും മാപ്പ് ചോദിക്കേണ്ടിടത്ത് ചോദിക്കാനും മടി കാട്ടിയിട്ടില്ല. ആഫ്രിക്കൻ രാജ്യമായ റുവാണ്ട സന്ദർശിച്ച ഫ്രാൻസിസ് മാർപാപ്പ, അവിടെ 1984 ൽ എട്ട് ലക്ഷത്തോളം പേർ കൂട്ടക്കൊല ചെയ്യപ്പെട്ടതിൽ കത്തോലിക്കാ സഭയ്ക്കുള്ള പങ്കിന് മാപ്പ് പറഞ്ഞിരിക്കുന്നു. ചെയ്തുപോയ എല്ലാ തെറ്റിനും 2016 നവംബറിൽ റുവാണ്ടയിലെ കത്തോലിക്ക സഭ മാപ്പുചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാർപാപ്പയും ക്ഷമ ചോദിച്ചത്.

സമാധാനം സ്ഥാപിക്കാൻ ലോകം ചുറ്റിയാൾ

മധ്യസ്ഥനായും സാന്ത്വന സന്ദേശം പകർന്നും ലോകം ചുറ്റിയ ഫ്രാൻസിസ് മാർപാപ്പയുടെ ഇടപെടലുകൾ  ലോകരാഷ്ട്രീയത്തിൽ നിർണായക ഘടകമായിട്ടുണ്ട്.ക്യൂബയും അമേരിക്കയും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട ശീതയുദ്ധത്തിന് അയവുവരുത്തുന്നതിൽ പങ്കുവഹിച്ചത് അദ്ദേഹത്തിൻറെ ഇടപെടലുകളാണ്. അഭയാർഥികളോടു മുഖംതിരിക്കാനുള്ള യൂറോപ്പിന്റെ പ്രവണതയെ രൂക്ഷമായി വിമർശിച്ചു. ബാലപീഡനത്തിനെതിരെ അതിശക്തമായ നിലപാടെടുത്തു. പ്രപഞ്ചോൽപത്തിയെക്കുറിച്ചുള്ള ശാസ്ത്രനിരീക്ഷണങ്ങൾ തള്ളിക്കളയാനാവില്ലെന്നു പ്രഖ്യാപിച്ചു. വത്തിക്കാനെ അംഗീകരിക്കാത്ത ചൈനയുടെ പോലും പ്രശംസ നേടി. റഷ്യൻ പാത്രിയർക്കീസുമായി കൂടിക്കാഴ്ച നടത്തിയതു സഭാ പിളർപ്പിന്റെ മുറിവുണക്കാനുള്ള ചരിത്രപ്രധാനമായ ശ്രമമായിരുന്നു.

അഭയാർഥികൾക്ക് എന്നും കരുതൽ

അഭയാർഥികളെ എന്നും ചേർത്തുപിടിക്കുന്നതിൽ ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം ശ്രദ്ധയൂന്നി. യൂറോപ്പിൻറയും അമേരിക്കയുടെയും അഭയാർഥികളോടുള്ള സമീപനത്തെ നിശിതമായി പലതവണ അദ്ദേഹം വിമർശിച്ചിട്ടുണ്ട്. 'സ്വയം ക്രിസ്ത്യാനി എന്ന് വിളിച്ച് അഭയാർത്ഥിയെയോ സഹായം തേടുന്ന ഒരാളെയോ പുറത്താക്കുന്നത് കാപട്യമാണ്' അദ്ദേഹം പലകൂറി വിശ്വാസികളെ ഓർമപ്പെടുത്തി.

ലോകത്തിൻറെ ഏതുകോണിലും പ്രശ്‌നങ്ങളുണ്ടായാൽ സാന്ത്വനത്തിന്റെ നറുപുഞ്ചിരിയുമായി ഓടിയെത്തുന്ന ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങുമ്പോൾ ലോകത്തിന് നഷ്ടമാകുന്നത് പ്രതീക്ഷയുടെ വിളക്കുമരമാണ്. എന്നാൽ ജനതകളും രാഷ്ട്രങ്ങളും തമ്മിലുള്ള വിദ്വേഷങ്ങളുടെ മധ്യസ്ഥനായി എന്നും ഓടിയെത്തുന്ന പാവങ്ങളുടെ മാർപാപ്പയായ അദ്ദേഹത്തിൻറ ജീവിതം ലോകത്തിന് എന്നും പാഠപുസ്തകമാണ്.