ന്യൂഡല്‍ഹി: മൂന്നാഴ്ചയ്ക്കുള്ളില്‍ നാലര ലക്ഷം വിവാഹം! സങ്കല്‍പ്പിക്കാന്‍ ബു്ദ്ധിമുട്ടുണ്ടെങ്കിലും ഡല്‍ഹിയില്‍ ആരംഭിച്ച വിവാഹ സീസണില്‍ നടക്കാനിരിക്കുന്ന കല്ല്യാണങ്ങളുടെ കണക്കാണിത്.
നാലര ലക്ഷം വിവാഹങ്ങള്‍ നടത്താനുള്ള നിശ്ചയങ്ങള്‍ ഇതിനകം നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതിദിനം ഇരുപതിനായിരം വിവാഹങ്ങളാണത്രെ നടക്കുക.
പ്രബോധിനി ഏകാദശി അഥവാ ദേവ് ഉത്താനി ഏകാദശിയായ ചൊവ്വാഴ്ച മുതലാണ് വിവാഹ സീസണ്‍ ആരംഭിച്ചത്. ഈ ദിവസം 50,000 വിവാഹങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ കാലഘട്ടം ഹിന്ദു വിശ്വാസം അനുസരിച്ച് ശുഭ മുഹൂര്‍ത്തമാണത്രെ. ദിവസത്തിലെ എല്ലാ സമയവും ശുഭമാണെന്നാണ് കരുതുന്നത്. ഡിസംബര്‍ 16 വരെ വിവാഹ മാമാങ്കം നീണ്ടു നില്‍ക്കും.
ഇത്രയധികം വിവാഹങ്ങള്‍ നടക്കുന്നത് നഗരത്തെ വലിയ ഗതാഗത തടസത്തിലേക്ക് നയിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. നാലര ലക്ഷം വിവാഹമെന്നാല്‍ ഒന്‍പത് ലക്ഷം വധൂവരന്മാരെന്നാണ് അര്‍ഥം. ഇവരുടെ ബന്ധുക്കളും കൂടി ചേരുന്നതോടെ ജനങ്ങളുടെ എണ്ണം കണക്കു കൂട്ടുന്നതിനും അപ്പുറമാകും. ഈ പ്രശ്‌നം മുന്‍കൂട്ടി കണ്ട് രണ്ടായിരം പൊലീസുകാരെ വരെയാണ് നഗരത്തില്‍ വിന്യസിക്കുന്നത്. എല്ലാ വിവാഹ ഹാളുകളിലും പാര്‍ക്കിങ് സൗകര്യം ഉറപ്പാക്കാന്‍ പൊലീസ് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ ഘോഷയാത്രകളും മദ്യപിച്ചുള്ള ഡ്രൈവിങ്ങും ഒഴിവാക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.
ഡല്‍ഹിയില്‍ വിപണിക്ക് ചാകരയാകുന്ന കാലം കൂടിയാണ് വിവാഹ സീസണ്‍. വെഡ്ഡിങ് ബാന്‍ഡ്, മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ്, ഹോട്ടലുകള്‍, ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍, സ്വര്‍ണം, തുണി, പൂ വ്യവസായികള്‍ തുടങ്ങിയവരെല്ലാം ഈ ദിവസങ്ങളില്‍ വലിയ നേട്ടമുണ്ടാക്കും.