മുംബൈ: സിന്ധുദുര്‍ഗ് ജില്ലയിലെ വനത്തില്‍ 50കാരിയായ അമേരിക്കന്‍ വനിതയെ മരത്തില്‍ ഇരുമ്പ് ചങ്ങലകൊണ്ട് കെട്ടിയ നിലയില്‍ കണ്ടെത്തി. തമിഴ്നാട് വിലാസമുള്ള ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള ഒരു കൂട്ടം രേഖകള്‍ ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
മുംബൈയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെ തീരദേശ ജില്ലയിലെ വനത്തിനുള്ളിലാണ് ലളിത കായി എന്ന 50കാരി ബന്ധിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവാണ് കെട്ടിയിട്ട് രക്ഷപ്പെട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്.
അവശനിലയില്‍ കാണപ്പെട്ട വനിത മാനസിക പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. യു എസില്‍ നിന്നാണ് ഇവരെങ്കിലും ഭര്‍ത്താവ് തമിഴ്‌നാട്ടിലാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ 10 വര്‍ഷമായി ലളിത കായിയും തമിഴ്‌നാട്ടിലാണ് ജീവിക്കുന്നത്.
ലളിതയുടെ ബന്ധുക്കളെ കണ്ടെത്താനും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ രേഖയുടെ ആധികാരികത പരിശോധിക്കാനും ആധാര്‍ കാര്‍ഡില്‍ സൂചിപ്പിച്ച വിലാസത്തിലേക്ക് സിന്ധുദുര്‍ഗ് പൊലീസ് സംഘത്തെ അയച്ചിട്ടുണ്ട്.
രേഖകള്‍ പരിശോധിച്ചു വരികയാണെന്നും മൊഴി രേഖപ്പെടുത്തുമെന്നും സിന്ധുദുര്‍ഗ് ജില്ലാ പൊലീസ് സൂപ്രണ്ട് സൗരഭ് അഗര്‍വാള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സോനുര്‍ലി ഗ്രാമത്തിന് സമീപത്തെ വനത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് ഒരു ഇടയന്‍ ലളിത കായിയുടെ കരച്ചില്‍ കേട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
ലളിത കായിയെ ഉടന്‍ സാവന്ത്വാഡിയിലെ ആശുപത്രിയിലും തുടര്‍ന്ന് സിന്ധുദുര്‍ഗിലും എത്തിച്ചു. പിന്നീട് മാനസികവും ആരോഗ്യപരവുമായ അവസ്ഥ കണക്കിലെടുത്ത് വിദഗ്ധ ചികിത്സയ്ക്കായി ഗോവ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായി ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. മാനസിക പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ലളിത കായിയുടെ കൈവശം മെഡിക്കല്‍ കുറിപ്പടികള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തമിഴ്‌നാട് വിലാസവും യു എസ് പാസ്‌പോര്‍ട്ടിന്റെ ഫോട്ടോകോപ്പിയും കണ്ടെത്തിയെങ്കിലും വിസയുടെ കാലാവധി അവസാനിച്ചിരുന്നു. പൗരത്വം ഉറപ്പാക്കാന്‍ പോലീസ് ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസുമായി ബന്ധപ്പെതായി അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസമായി ഒന്നും കഴിക്കാത്തതിനാലും പ്രദേശത്ത് കനത്ത മഴ അനുഭവപ്പെട്ടതിനാലും തളര്‍ന്ന ലളിത കായി സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.