ബംഗളൂരു: ഓപറേഷൻ സിന്ദൂർ സൈനിക നടപടി വിശദീകരിക്കാൻ അമേരിക്ക സന്ദർശിച്ച ഇന്ത്യൻ പ്രതിനിധി സംഘത്തിലെ യുവ എം.പി പ്രോട്ടോകോൾ ലംഘിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതായി ആരോപണം. ഒരു ഇംഗ്ലീഷ് മാധ്യമത്തിലാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് വന്നത്. എം.പിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.
ശശി തരൂർ എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഭുബനേശ്വർ കലിത, ശശാങ്ക് മണി ത്രിപാഠി, തേജസ്വി സൂര്യ എന്നിവരാണ് ബി.ജെ.പി എം.പിമാരായുണ്ടായിരുന്നത്. കലിതയുടെ പ്രായം 74 ഉം, ത്രിപാഠിക്ക് 55ഉം ആയതിനാൽ, 34കാരനായ തേജസ്വി സൂര്യക്കുനേരെയാണ് സംശയമുന നീളുന്നത്.
സന്ദർശനത്തിനിടെ, ട്രംപിെന്റ േഫ്‌ളാറിഡയിലെ വസതിയായ മാര ലാഗോയിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഭരണാധികാരിയുടെ അടുത്തയാളെന്നാണ് എം.പിയെ പരിചയപ്പെടുത്തിയത്. അതേസമയം, സന്ദർശനത്തിൽ ട്രംപിന് മതിപ്പുണ്ടായില്ലെന്നും തുറന്നടിച്ച് സംസാരിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
യുവ എം.പിയുടെ നടപടി അപമാനകരമാണെന്ന് കർണാടക ഐ.ടി മന്ത്രി പ്രിയങ്ക് ഖാർഗെ കുറ്റപ്പെടുത്തി. മറ്റൊരു രാജ്യത്തിെന്റ ഭരണാധികാരിയെ കാണാൻ പ്രോട്ടോകോൾ ലംഘിച്ച് എം.പി പോയത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
എം.പിയുടെ നടപടിയിൽ ബി.ജെ.പി നേതൃത്വവും അതൃപ്തി രേഖപ്പെടുത്തിയെന്നും താക്കീത് നൽകിയെന്നും റിപ്പോർട്ടുണ്ട്.
യുവ ബിജെപി എം.പി പ്രോട്ടോകോൾ ലംഘിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആരോപണം
