ജനീവ: ഇന്ത്യക്കാരുടെ ഉപ്പ് ഉപയോഗം ആവശ്യത്തില്‍ ഇരട്ടിയാണെന്ന് ലോകാരോഗ്യ സംഘടന. ഒരാള്‍ക്ക് പ്രതിദിനം അഞ്ച് ഗ്രാം ഉപ്പാണ് ആവശ്യമെങ്കിലും ഇന്ത്യക്കാര്‍ ശരാശരി പത്ത് ഗ്രാമിലേറെയാണ് കഴിക്കുന്നത്. ഒരു ടീസ്‌പോണാണ് അഞ്ച് ഗ്രാം.
ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളിലുള്ളവര്‍ ആവശ്യത്തിലേറെ ഉപ്പ് കഴിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന തയ്യാറാക്കിയ ഗ്ലോബല്‍ റിപ്പോര്‍ട്ട് ഓണ്‍ സോഡിയം ഇന്‍ടേക്ക് ചൂണ്ടിക്കാട്ടുന്നത്.
ഭക്ഷണത്തില്‍ സോഡിയത്തിന്റെ അളവ് കൂടുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, ഗ്യാസ്ട്രിക് ക്യാന്‍സര്‍, അമിത വണ്ണം, അസ്ഥിക്ഷയം, മെനിയേഴ്‌സ് ഡിസീസ്, വൃക്ക രോഗം തുടങ്ങിയവയ്ക്കു കാരണമാകാമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.
തെലുങ്ക് സംസ്ഥാനങ്ങളിലുള്ളവരാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപ്പ് ഉപയോഗിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ നാലിലൊന്ന് ആളുകളും ഹൈപ്പര്‍ ടെന്‍ഷന്‍ കാരണമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഹൃദ്‌രോഗവും വൃക്ക രോഗവും ഉള്‍പ്പെടെ ഉപ്പിന്റെ അമിതോപയോഗത്തെ തുടര്‍ന്നുണ്ടായാല്‍ ചികിത്സയിലൂടെ പരിഹരിക്കാനാവില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
ഭക്ഷണത്തില്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുകയെന്നതാണ് ആരോഗ്യകരമായ രീതിയെന്നും കുട്ടിക്കാലം മുതല്‍ ഇത് ശീലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപ്പ് അമിതമായി ഉപയോഗിക്കുന്നതിലൂടെ ലോകത്താകമാനം എണ്‍പത് ലക്ഷത്തിലേറെ പേരുടെ മരണത്തിന് കാരണമാകുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.