തിരുവനന്തപുരം: പീഡന പരാതിയില്‍ സുപ്രിം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതോടെ നടന്‍ സിദ്ദീഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഉടന്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. അറസ്റ്റ് തടഞ്ഞുള്ള സുപ്രിം കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേരളത്തിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ഹാജരായി. സിദ്ദിഖിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും ഹാജരായി.
രണ്ടാഴ്ചത്തേക്കാണ് സുപ്രിം കോടതി സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞത്. വിചാരണക്കോടതിയുടെ നിബന്ധനകള്‍ക്ക് വിധേയമായാണ് അറസ്റ്റ് തടഞ്ഞത്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന വാദവും കോടതി കണക്കിലെടുത്തു. സംസ്ഥാനം എട്ട് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
365 സിനിമയില്‍ അഭിനയിച്ചെന്നും 67 വയസായെന്നും സിദ്ദിഖ് കോടതിയില്‍ വാദിച്ചു. തനിക്കെതിരെയുള്ള പരാതി ഏറെ വൈകിയാണ് നല്‍കിയതെന്നും സിദ്ദിഖ് കോടതിയില്‍ വാദിച്ചു. കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് സിദ്ദീഖ് കഴിഞ്ഞ 6 ദിവസമായി ഒളിവിലാണ്.