കൊച്ചി: മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസിനെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് മംഗളം അസോ. എഡിറ്റര്‍ ആയിരുന്ന ആര്‍ അജിത് കുമാര്‍, കൊച്ചി റിപ്പോര്‍ട്ടര്‍ കെ കെ സുനില്‍ എന്നിവര്‍ക്ക് നാലുമാസം വീതം തടവുശിക്ഷ വിധിച്ച് കോടതി.
ഇതിനുപുറമെ പത്രസ്ഥാപനത്തിന് അരലക്ഷംരൂപ പിഴയും എറണാകുളം സിജെഎം കോടതി വിധിച്ചു. പിഴ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ മംഗളം എഡിറ്ററും പ്രസാധകനുമായ ബിജു വര്‍ഗീസ് മൂന്നുമാസം തടവ് അനുഭവിക്കേണ്ടി വരും. എറണാകുളം കടവന്ത്രയിലും മഹാരാഷ്ട്രയിലും ഒന്നരക്കോടി വിലമതിക്കുന്ന ഫ്‌ളാറ്റുകള്‍ ടോം ജോസ് സ്വന്തമാക്കിയതായി വിജിലന്‍സ് കണ്ടെത്തിയെന്നും ഇത് മൂടിവയ്ക്കാന്‍ സര്‍ക്കാരിലെ ഉന്നതര്‍ക്ക് മേല്‍ സ്വാധീനം ചെലുത്തിയെന്നും ആരോപിച്ച് 2015 ഏപ്രില്‍ 12ന് മംഗളം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണ് എന്ന് ആരോപിച്ച് ടോം ജോസ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കോടതിക്ക് മുന്നില്‍ വാര്‍ത്തയിലെ വസ്തുത തെളിയിക്കാന്‍ പ്രതികളായ റിപ്പോര്‍ട്ടര്‍ക്കോ മംഗളം മേധാവികള്‍ക്കോ സാധിച്ചിരുന്നില്ല. അതേസമയം, മറ്റ് ചില ആരോപണങ്ങളുടെ പേരില്‍ 2016ല്‍ ടോം ജോസിനെതിരെ സംസ്ഥാന വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു.
ജേക്കബ് തോമസ് സംസ്ഥാന വിജിലന്‍സ് മേധാവിയായിരുന്നപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളില്‍ വന്നിരുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ബില്‍ കര്‍ഷകഭൂമി വഴിവിട്ട് സ്വന്തമാക്കി എന്നത് ഉള്‍പ്പെടെ ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് കണ്ടെത്തി 2018ല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. സര്‍വീസില്‍ നിന്നും വിരമിക്കലിന് ശേഷവും മംഗളത്തിനെതിരായ നിയമനടപടിയുമായി മുന്‍ ചീഫ് സെക്രട്ടറി മുന്നോട്ട് പോകുകയായിരുന്നു.
മൂന്‍ ചീഫ് സെക്രട്ടറിക്കെതിരെ വ്യാജവാര്‍ത്ത: മംഗളം അസോസിയേറ്റ് എഡിറ്റര്‍ക്കും സ്റ്റാഫ് റിപ്പോര്‍ട്ടര്‍ക്കും ജയില്‍ ശിക്ഷവിധിച്ച് കോടതി