തിരുവനന്തപുരം: ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റിലൂടെ സംസ്ഥാനത്ത് സുപ്രധാന വ്യവസായ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. കേരളത്തിന്റെ പുതിയ വ്യവസായ നയത്തിന്റെ ഭാഗമായി ആഗോളതലത്തില്‍ മികവുറ്റ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം.
കേരളത്തിന്റെ വ്യവസായ വികസനത്തിന് ഏഴ് പ്രധാന സ്തംഭങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കല്‍, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, റോബോട്ടിക് നിര്‍മ്മാണം, ഡേറ്റാ അനലിറ്റിക്‌സ് എന്നിവയിലൂടെ ഇന്‍ഡസ്ട്രി 4.0-ന് തയ്യാറാകല്‍, ഭാവിയിലേക്കുള്ള തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കല്‍, വ്യവസായ മേഖലകളുടെ സമഗ്ര വികസനം, പരിസ്ഥിതി, സാമൂഹിക, ഭരണപരമായ ചട്ടങ്ങള്‍ പാലിക്കല്‍, കേരള ബ്രാന്‍ഡിന്റെ പ്രചാരണം എന്നിവയാണ് ഏഴ് സ്തംഭങ്ങള്‍.
നിര്‍മിതബുദ്ധി, റോബോട്ടിക്‌സ്, മറ്റ് നവീന സാങ്കേതികവിദ്യകള്‍, ആയുര്‍വേദം, ജൈവ സാങ്കേതികവിദ്യ, ലൈഫ് സയന്‍സുകള്‍, ഡിസൈന്‍, ഇലക്ട്രിക് വാഹനങ്ങള്‍, Fലക്ട്രോണിക് സിസ്റ്റം ഡിസൈന്‍ ആന്റ് മാനുഫാക്ചറിംഗ്, എഞ്ചിനീയറിങ് ഗവേഷണം, വികസനം, നാനോ ടെക്‌നോളജി, റീട്ടെയില്‍ വ്യവസായം തുടങ്ങിയ മേഖലകളാണ് പ്രധാന നിക്ഷേപങ്ങളായി കണക്കാക്കുന്നത്.
കേരളം ജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ കേന്ദ്രമായി മാറാനുള്ള സാധ്യതകളില്‍ ആഗോള നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിക്കുമെന്ന് മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.
കേരളം ആഗോള ഐ ടി കമ്പനികളുടെ ഒരു പ്രധാന സോഫ്റ്റ്വെയര്‍ വികസന കേന്ദ്രമായി ഇതിനകം മാറിയിട്ടുണ്ട്. തിരുവനന്തപുരത്ത് ആഗോള ഓട്ടോമൊബൈല്‍ സോഫ്റ്റ്വെയര്‍ ടെക്നോളജി ഹബ് നിര്‍മ്മാണത്തിലാണെന്നും നിസാന്‍, ബിഎംഡബ്ല്യു പോലെയുള്ള ആഗോള കമ്പനികള്‍ കേരളത്തില്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കായി നൈപുണ്യ വികസനവും തൊഴില്‍ പരിശീലനവും നല്‍കുന്ന ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ പത്ത് കമ്പനികളായിരിക്കും ഈ പദ്ധതിയിലുണ്ടാവു. കൂടാതെ 31 സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം മെഡിക്കല്‍ ഉപകരണ നിര്‍മാണ മേഖലയിലും വലിയ മുന്നേറ്റം കൈവരിച്ചു. രാജ്യത്തെ മൊത്തം മെഡിക്കല്‍ ഉപകരണ വില്‍പ്പനയുടെ 24 ശതമാനം കേരളത്തിലാണുള്ളത്. കൂടാതെ ലോകമെമ്പാടുമുള്ള രക്തം ശേഖരിക്കാനുള്ള ബാഗുകളുടെ 12 ശതമാനം ഉത്പാദിപ്പിക്കുന്നതും കേരളത്തില്‍ നിന്നാണെന്ന് മന്ത്രി വ്യക്തമാക്കി.
ഓണ്‍ട്രപ്രൊണ്യുയേഴ്‌സ് ഇയര്‍ പദ്ധതിയുടെ ഭാഗമായ നിക്ഷേപം 22,104.42 കോടി രൂപ കവിഞ്ഞു. സംസ്ഥാനത്തിന്റെ ആഭ്യന്തര നിക്ഷേപ ശേഷിയില്‍ നിന്ന് ഈ തുക സമാഹരിച്ചിട്ടുണ്ടെന്നും ഈ മാതൃക ഭാവിയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉച്ചകോടിയില്‍ അവതരിപ്പിക്കുന്ന ബിസിനസ് നിര്‍ദേശങ്ങള്‍ യാഥാര്‍ഥ്യ പദ്ധതികളായി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കും. നിക്ഷേപ പദ്ധതികളുടെ വിവിധ ഘട്ടങ്ങളില്‍ നടക്കുന്ന പുരോഗതി പൊതുജനങ്ങളെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റ് ഫെബ്രുവരി 21, 22 തിയ്യതികളില്‍ കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നത്.