ആത്മകഥാ വിവാദം: സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ഇ.പി ജയരാജന്‍

ആത്മകഥാ വിവാദം: സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ഇ.പി ജയരാജന്‍


കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. 'കട്ടന്‍ ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന ആത്മകഥയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പുറത്തുവന്ന വിവരങ്ങളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

പുസ്തക വിവാദത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഇ.പി ജയരാജന്‍ ആരോപിച്ചു. പുസ്തകം താന്‍ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജയരാജന്റെ പുസ്തക ഭാഗങ്ങളെന്ന പേരില്‍ ഡിസി ബുക്‌സ് പുറത്തിറക്കിയ പരസ്യത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്ളത്. ബിജെപി നേതാവ് ജാവഡേക്കറെ കാണാനിടയായ സാഹചര്യങ്ങളെക്കുറിച്ചും, പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. സരിന്‍ അവസരവാദത്തിന്‍രെ ഭാഗമായാണ് മറുകണ്ടം ചാടിയതെന്നുമെല്ലാം ആത്മകഥയില്‍ ഉള്ളതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വയനാട്-ചേലക്കര വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെ ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുസ്തകം ഇന്ന് പുറത്തിറങ്ങുമെന്നാണ് പ്രസാധകര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ നിര്‍മാണ സംബന്ധമായ പിഴവുകള്‍ മൂലം പ്രസാധനം മറ്റൊരവസരത്തിലേക്ക് മാറ്റിയെന്ന് ഡിസി ബുക്ക് സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ ഉള്ളടക്കത്തിലെ വസ്തുതകള്‍ പ്രസിദ്ധീകരണത്തിനുശേഷം വായനക്കാര്‍ക്ക് അറിയാന്‍ കഴിയുമെന്നും പ്രസാധകര്‍ അറിയിച്ചു.