പത്മശ്രീ ജേതാവും പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിലൂടെ ശ്രദ്ധേയനുമായ ചെറുവയൽ രാമൻ അന്തരിച്ചു

പത്മശ്രീ ജേതാവും പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിലൂടെ ശ്രദ്ധേയനുമായ ചെറുവയൽ രാമൻ അന്തരിച്ചു


വയനാട്: പത്മശ്രീ ജേതാവും പ്രശസ്ത പാരമ്പര്യ നെൽവിത്ത് സംരക്ഷകനും ആദിവാസി കർഷകനുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വയനാട് മാനന്തവാടി കമ്മന സ്വദേശിയായ അദ്ദേഹം, അന്യംനിന്നുപോകുമായിരുന്ന അമ്പതിലധികം പാരമ്പര്യ നെൽവിത്തിനങ്ങളെ സ്വന്തം പരിശ്രമത്തിലൂടെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിച്ച കർഷകനാണ്. കാർഷിക രംഗത്തെ ഈ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് 2023-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു.

വയനാട് മാനന്തവാടി കമ്മന സ്വദേശിയായ ഒരു ആദിവാസി കർഷകനും പരിസ്ഥിതി പ്രവർത്തകനുമാണ്. വയനാട്ടിലെ കുറിച്യ സമുദായത്തിൽപ്പെട്ട ഇദ്ദേഹം, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അമ്പതിലധികം പരമ്പരാഗത നെല്ലിനങ്ങളെ സ്വന്തം കൃഷിഭൂമിയിൽ ജൈവരീതിയിൽ സംരക്ഷിച്ചുപോരുന്നതിനാൽ 'നെല്ലച്ഛൻ' എന്നും 'വിത്തച്ഛൻ' എന്നും അറിയപ്പെടുന്നു. 1952-ൽ വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള എടവക കമ്മനയിലാണ് ജനിച്ചത്. 2023-ൽ രാജ്യം ഇദ്ദേഹത്തെ പദ്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. ഭാര്യ: ഗീത.മക്കൾ: രമണി, രമേശൻ, രാജേഷ്. മരുമക്കൾ: തങ്കമണി, രജിത, രാജൻ, ഉണ്ണികൃഷ്ണൻ. 

വയനാട് എടവക കമ്മനയിലെ ചെറുവയൽ കുറിച്യത്തറവാട്ടിൽ 1952 ജൂൺ 6നാണ് ജനനം. പരമ്പരാഗത നെല്ലിനങ്ങൾ, ഔഷധസസ്യങ്ങൾ, നാടൻ പച്ചക്കറികൾ എന്നിവയുടെ സംരക്ഷണം എന്നിവയിലൂന്നി പ്രവർത്തിച്ച ഇദ്ദേഹത്തിന് ഗന്ധകശാല, ജീരകശാല, തൊണ്ടി, ചോമാല തുടങ്ങിയ 50-ലധികം അപൂർവ്വ നാടൻ നെൽവിത്തുകളുടെ വിപുലമായ ശേഖരമുണ്ട്. ആവശ്യപ്പെടുന്ന കർഷകർക്ക് അദ്ദേഹം വിത്തുകൾ സൗജന്യമായി നൽകുന്നു. എന്നാൽ, വിളവെടുപ്പിന് ശേഷം വാങ്ങിയ അത്രയും അളവ് വിത്ത് തിരികെ നൽകണം എന്ന അപൂർവ്വമായ വ്യവസ്ഥ മാത്രമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. "വിത്തുകൾ വിൽക്കാനുള്ളതല്ല, അത് സ്നേഹവും കരുതലുമാണ്" എന്നതാണ് ഇദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്.

പ്രധാന പുരസ്കാരങ്ങളും അംഗീകാരങ്ങളും

2023ൽ പത്മശ്രീ ലഭിച്ചത് കൂടാതെ, കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കായി കേരള സർക്കാർ ഏർപ്പെടുത്തിയ 2026ലെ  പ്രഥമ ഉമ്മൻചാണ്ടി പുരസ്‌കാരം, 2016ലെ ജനിതക സംരക്ഷണത്തിനായുള്ള ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ്, 2011-ൽ ഹൈദരാബാദിൽ നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള 11 രാജ്യങ്ങളുടെ രാജ്യാന്തര സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചതിലുള്ള അന്താരാഷ്ട്ര പ്രാതിനിധ്യം എന്നിവ ലഭിച്ചിട്ടുണ്ട്.