ഒഹായോ: രണ്ടാം പ്രസിഡന്റ് കാലാവധി പകുതിയായപ്പോഴേക്കും തൊഴിലാളികള്ക്കിടയില് ട്രംപിനുള്ള സ്വാധീനത്തിന് മങ്ങലേല്ക്കുന്നതായി സൂചനകള്. ഇതോടെ തങ്ങള്ക്ക് നഷ്ടപ്പെട്ടു പോയ പിന്തുണ നവംബര് മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയില് ഡെമോക്രാറ്റിക് പാര്ട്ടിയും തൊഴിലാളി സംഘടനാ നേതാക്കളും.
ദീര്ഘകാലമായി ഡെമോക്രാറ്റിക് പാര്ട്ടിയുടെ ശക്തമായ വോട്ടുബാങ്കായിരുന്നു തൊഴിലാളിവര്ഗവും ട്രേഡ് യൂണിയന് അനുഭാവികളും. റിപ്പബ്ലിക്കന് നേതാവ് ഡൊണാള്ഡ് ട്രംപ് ഒരു പതിറ്റാണ്ട് മുമ്പ് ഇവരെ പാര്ട്ടിയിലേക്ക് ആകര്ഷിക്കുകയായിരുന്നു.
വിലക്കയറ്റം, ഇറാനുമായുള്ള യുദ്ധം, ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനകള് തുടങ്ങിയവയാണ് ഒരിക്കല് അദ്ദേഹത്തെ ശക്തമായി പിന്തുണച്ചിരുന്ന ചില വോട്ടര്മാരെ നിലപാട് പുനഃപരിശോധിക്കാന് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്.
2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പോടെയാണ് ഒഹായോയുടെ രാഷ്ട്രീയ സ്വഭാവത്തില് നിര്ണായക മാറ്റമുണ്ടായത്. സാമ്പത്തിക ആശങ്കകള്ക്ക് പരിഗണന ലഭിക്കുന്നുവെന്ന് കരുതിയ തൊഴിലാളിവര്ഗ വോട്ടര്മാരുടെ പിന്തുണ ട്രംപ് നേടിയതോടെ റിപ്പബ്ലിക്കന് പാര്ട്ടിയുടെ ഉറച്ച ശക്തികേന്ദ്രമായി സംസ്ഥാനം മാറി. 1964 മുതല് 2020 വരെ തുടര്ച്ചയായി 14 പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില് ദേശീയതലത്തില് വിജയിച്ച സ്ഥാനാര്ഥിക്കായിരുന്നു ഒഹായോയുടെ പിന്തുണ. എന്നാല് 2020-ല് ജോ ബൈഡന് ദേശീയതലത്തില് വിജയിച്ചപ്പോള് ഒഹായോ ട്രംപിനൊപ്പമായിരുന്നു.
ഒഹായോയില് ഡെമോക്രാറ്റുകള്ക്ക് പിന്തുണ വര്ധിക്കുന്നത് കോണ്ഗ്രസിന്റെ നിയന്ത്രണം നിര്ണയിക്കുന്ന തെരഞ്ഞെടുപ്പുകളില് നിര്ണായകമാകാം. ട്രംപിന്റെ അവസാന രണ്ട് വര്ഷത്തെ ഭരണകാലത്ത് റിപ്പബ്ലിക്കന്മാര്ക്ക് കോണ്ഗ്രസിലെ ഭൂരിപക്ഷം നിലനിര്ത്താനാകുമോ, അതോ അദ്ദേഹത്തിന്റെ നയങ്ങളെ വെല്ലുവിളിക്കാന് ഡെമോക്രാറ്റുകള്ക്ക് കൂടുതല് രാഷ്ട്രീയ ശക്തി ലഭിക്കുമോ എന്നതും ഇതിലൂടെ തീരുമാനിക്കപ്പെടും.
നിലവില് റിപ്പബ്ലിക്കന്മാറുടെ കൈവശമുള്ള സെനറ്റ് സീറ്റും ഗവര്ണര് സ്ഥാനവും സംരക്ഷിക്കേണ്ടതിനാല് ഒഹായോയിലെ മത്സരം ശ്രദ്ധേയമാണ്. ജനപ്രതിനിധിസഭയിലെ രണ്ട് മണ്ഡലങ്ങളില് മത്സരം കടുത്തതും പ്രവചിക്കാനാകാത്തതുമാണെന്നാണ് വിലയിരുത്തല്. വടക്കുപടിഞ്ഞാറന് ഒഹായോയിലെ ഒരു മണ്ഡലം ദീര്ഘകാലമായി ഡെമോക്രാറ്റുകളുടെ കൈവശമാണ്. വടക്കുകിഴക്കന് ഒഹായോയിലെ മറ്റൊരു മണ്ഡലം റിപ്പബ്ലിക്കന്മാരുടേതാണ്.
ഇത്തവണ ട്രംപ് നേരിട്ട് മത്സര രംഗത്തില്ലെങ്കിലും തന്റെ സ്ഥാനാര്ഥികള്ക്കായി വോട്ടര്മാര് ഇതൊരു ട്രംപ് തെരഞ്ഞെടുപ്പായി കണ്ട് രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. കടുത്ത മത്സരം നേരിടുന്ന റിപ്പബ്ലിക്കന് സ്ഥാനാര്ഥികള്ക്ക് ഇത് ഗുണകരമാകുമോ തിരിച്ചടിയാകുമോ എന്നത് വ്യക്തമല്ല.
റിപ്പബ്ലിക്കന് സെനറ്റര് ജോണ് ഹസ്റ്റഡും മുന് ഡെമോക്രാറ്റിക് സെനറ്റര് ഷെറോഡ് ബ്രൗണും തമ്മിലാണ് സെനറ്റ് പോരാട്ടം. ഗവര്ണര് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്ഥി ആമി ആക്ടണ് റിപ്പബ്ലിക്കന് സ്ഥാനാര്ഥി വിവേക് രാമസ്വാമിയെ നേരിടുന്നു. റിപ്പബ്ലിക്കന്മാരുടെ വോട്ടുബാങ്ക് സജീവമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തിങ്കളാഴ്ച യങ്സ്ടൗണില് നടന്ന പരിപാടിയില് ട്രംപ് ഹസ്റ്റഡിനും രാമസ്വാമിക്കും ഒപ്പം പ്രചാരണം നടത്തിയിരുന്നു.
വാറന് നഗരത്തിലെ ഷാലോം ചര്ച്ച് ഓഫ് ഗോഡ് ആന്ഡ് ക്രൈസ്റ്റിലെ പാസ്റ്ററും സ്റ്റീല് ഉത്പന്നങ്ങള് കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവറുമായ 48-കാരനായ പോള് റിങ്കോള്ഡ്, തൊഴിലാളിവര്ഗ വോട്ടര്മാരെ തിരിച്ചുപിടിക്കാമെന്ന ഡെമോക്രാറ്റുകളുടെ പ്രതീക്ഷയുടെ പ്രതീകമാണ്. കറുത്തവര്ഗക്കാരില് ഭൂരിഭാഗവും അംഗങ്ങളായ സഭയുടെ പാസ്റ്ററായ അദ്ദേഹം, വോട്ടര്മാരുടെ മാറുന്ന മനോഭാവം വ്യക്തമാക്കുന്നു.
2016-ല് ട്രംപിന് വോട്ട് ചെയ്ത റിങ്കോള്ഡ് 2020-ല് ജോ ബൈഡനെയും 2024-ല് വീണ്ടും ട്രംപിനെയും പിന്തുണച്ചു. എന്നാല് ഇത്തവണ സെനറ്റ്, ഗവര്ണര് സ്ഥാനങ്ങളിലേക്കും മറ്റ് പദവികളിലേക്കുമുള്ള തെരഞ്ഞെടുപ്പില് ആര്ക്കൊപ്പം നില്ക്കണമെന്ന കാര്യത്തില് അദ്ദേഹം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഇന്ധനത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വിലവര്ധനയും ട്രംപിന്റെ ഏറ്റുമുട്ടല് സ്വഭാവമുള്ള രാഷ്ട്രീയ ശൈലിയും ഒരിക്കല് ശക്തമായി പിന്തുണച്ച പ്രസിഡന്റിന്റെ തീരുമാനങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കാന് തന്നെ പ്രേരിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ പ്രസംഗശൈലിയിലും ചില വോട്ടര്മാര് അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ട്രംപ് പ്രസംഗശൈലി കുറച്ചാല് നന്നായിരുന്നുവെന്നും ന്യൂയോര്ക്കുകാരുടെ രീതിയിലുള്ള നേരിട്ട് ഏറ്റുമുട്ടുകയും മറ്റുള്ളവരെ പരിഹസിക്കുകയും ചെയ്യുന്ന സ്വഭാവം വേണ്ടെന്നും റിങ്കോള്ഡ് പറഞ്ഞു.
ഒഹായോയില് കഴിഞ്ഞയാഴ്ച ആരംഭിച്ച മുന്കൂര് വോട്ടെടുപ്പില് റിപ്പബ്ലിക്കന്മാരെക്കാള് ഡെമോക്രാറ്റുകളാണ് കൂടുതല് ആവേശത്തോടെ രംഗത്തിറങ്ങുന്നതെന്ന സൂചനകളുണ്ട്.
തൊഴിലാളിവര്ഗത്തിന്റെ സാന്നിധ്യം ശക്തമായ വാറന് നഗരം ഉള്പ്പെടുന്ന ട്രംബുള് കൗണ്ടിയില് ആദ്യ മൂന്ന് ദിവസങ്ങളില് മികച്ച വോട്ടെടുപ്പ് രേഖപ്പെടുത്തി. കൗണ്ടി അധികൃതരുടെ കണക്കുകള് പ്രകാരം 1,224 ഡെമോക്രാറ്റുകളും 559 റിപ്പബ്ലിക്കന്മാരും വ്യക്തമായ രാഷ്ട്രീയ ബന്ധം രേഖപ്പെടുത്തിയിട്ടില്ലാത്ത 453 പേരും വോട്ട് ചെയ്തു.
വലതുപക്ഷ ചായ്വുള്ള ഹഡ്സണ് ഇന്സ്റ്റിറ്റ്യൂട്ടിലെ ഒഹായോ ആസ്ഥാനമായ മുതിര്ന്ന ഗവേഷകന് പോള് സ്രാസിക് പറയുന്നത്, ട്രംപില്നിന്ന് അകലുന്ന തൊഴിലാളിവര്ഗ വോട്ടര്മാര്ക്ക് ഷെറോഡ് ബ്രൗണ് വിശ്വസനീയമായ രാഷ്ട്രീയ അഭയകേന്ദ്രമാകുമെന്നാണ്. മുന് സെനറ്ററുടെ ജനകീയ നയങ്ങളിലുള്ള പ്രതിച്ഛായയാണ് ഇതിന് കാരണമെന്നും അദ്ദേഹം വിലയിരുത്തി.
യുണൈറ്റഡ് സ്റ്റീല്വര്ക്കേഴ്സ് യൂണിയന് പ്രതിനിധിയും തൊഴില് കരാറുകളുടെയും തൊഴില്ബന്ധങ്ങളുടെയും ചര്ച്ചകളില് പങ്കാളിയുമായ ഹോസെ അറോയോയുടെ അഭിപ്രായത്തില്, തൊഴിലാളികളുടെ അതൃപ്തിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതില് ട്രംപ് വിജയിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ ജീവിതം എങ്ങോട്ടാണ് പോകുന്നതെന്ന ആശങ്കകളെ ട്രംപ് മുതലെടുത്തു. പെന്ഷനുകള് ഇല്ലാതാകുന്നു, ഫാക്ടറികള് അടച്ചുപൂട്ടുന്നു, തലമുറകളായി പരിചിതമായ ഉപജീവനമാര്ഗങ്ങള് അപ്രത്യക്ഷമാകുന്നു. എന്നാല്, കുടിയേറ്റം, ലിംഗപരമായ വിഷയങ്ങള് തുടങ്ങിയ വിവാദ വിഷയങ്ങളില് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന നയങ്ങള് നടപ്പാക്കുന്നതില്നിന്ന് ശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യങ്സ്ടൗണ്വാറന് മേഖലയില് 1990-ല് ഏകദേശം 50,000 പേര്ക്ക് തൊഴില് നല്കിയിരുന്ന നിര്മാണമേഖലയിലെ ജോലികളുടെ എണ്ണം 2026-ല് ഏകദേശം 20,000 ആയി കുറഞ്ഞതായി യു എസ് ബ്യൂറോ ഓഫ് ലേബര് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള് വ്യക്തമാക്കുന്നു.
സ്റ്റീല്, വാഹന വ്യവസായങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന മഹോണിങ് വാലിയില് സമീപകാലത്ത് ഏതാനും പുതിയ നിര്മാണശാലകള് പ്രവര്ത്തനം ആരംഭിച്ചിട്ടുണ്ട്. ഇറാനുമായുള്ള യുദ്ധം ആഭ്യന്തര എണ്ണമേഖലയിലെ പര്യവേക്ഷണ പ്രവര്ത്തനങ്ങള് വര്ധിപ്പിച്ചതോടെ സ്റ്റീല് ഉപയോഗിച്ചുള്ള ഉപകരണങ്ങള്ക്ക് ആവശ്യകത കൂടിയതായി അറോയോ പറഞ്ഞു. എന്നാല് യുദ്ധം ഉപഭോക്തൃവില വര്ധിക്കുന്നതിനും കാരണമായെന്ന് അദ്ദേഹം സമ്മതിച്ചു.
2025 ജനുവരിയില് രണ്ടാം തവണ അധികാരമേറ്റതിനു പിന്നാലെ, ദേശീയ തൊഴില്ബന്ധ ബോര്ഡിലെ (എന് എല് ആര് ബി) രണ്ട് ഡെമോക്രാറ്റിക് അംഗങ്ങളെ ട്രംപ് പുറത്താക്കി. ബോര്ഡിന് ഔദ്യോഗിക തീരുമാനങ്ങള് കൈക്കൊള്ളാന് ആവശ്യമായ അംഗസംഖ്യ ഇതോടെ ഇല്ലാതായി. ഈ പ്രവര്ത്തനസ്തംഭനം ഏകദേശം ഒരു വര്ഷത്തോളം നീണ്ടു.
ട്രംപ് ഭരണകൂടം ബോര്ഡിനെ ദുര്ബലപ്പെടുത്തിയതിലൂടെ തൊഴിലാളി യൂണിയനുകള് രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള് തടസ്സപ്പെട്ടെന്നും തൊഴിലുടമകള്ക്കെതിരായ അന്യായ തൊഴില്നടപടികളെ ചോദ്യം ചെയ്യാനും തൊഴില്കരാറുകള് ഉറപ്പാക്കാനും ബുദ്ധിമുട്ടുണ്ടായെന്നും ഒഹായോ എ എഫ് എല്- സി ഐ ഒ പ്രസിഡന്റ് ടിം ബര്ഗ ആരോപിച്ചു.
കാനഡയുമായുള്ള ട്രംപിന്റെ വ്യാപാര തര്ക്കങ്ങളും തൊഴിലാളികള്ക്ക് ഗുണകരമായിരുന്നില്ലെന്ന് ബര്ഗ പറഞ്ഞു.
കോര്ട്ട്ലന്ഡ് സ്വദേശിയും ഡെമോക്രാറ്റായി വിശേഷിപ്പിക്കുന്നയാളുമായ 75-കാരന് ബില് കാലഹന്റെ അഭിപ്രായത്തില് ഒരിക്കല് ട്രംപിനെ പിന്തുണച്ചിരുന്ന തന്റെ ചില ബന്ധുക്കള് വീണ്ടും ഡെമോക്രാറ്റുകളിലേക്ക് അടുക്കുകയാണ്.
ജനറല് ഇലക്ട്രിക്കിലെ ദീര്ഘകാല ജോലിക്കുശേഷം ഇപ്പോള് പാര്ട്ട് ടൈമായി വെയര്ഹൗസില് ജോലി ചെയ്യുന്ന കാലഹന്, 2016-ല് ട്രംപിന് വോട്ട് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും അദ്ദേഹവുമായി ബന്ധപ്പെട്ട ധാര്മികതാ പ്രശ്നങ്ങള് കാരണം പിന്തിരിയുകയായിരുന്നു.
അതേസമയം, വിലക്കയറ്റം മാത്രം തങ്ങളുടെ രാഷ്ട്രീയ നിലപാട് മാറ്റാന് കാരണമാകില്ലെന്ന് റോയിട്ടേഴ്സ് അഭിമുഖം നടത്തിയ മറ്റു ചില വോട്ടര്മാര് വ്യക്തമാക്കി.
കോര്ട്ട്ലന്ഡിന് സമീപം ഭാര്യ കാതറിനൊപ്പം മത്സ്യബന്ധന ഉപകരണങ്ങള് വില്ക്കുന്ന ജോ ബേസ് ഇന്ധനവില വര്ധിച്ചതിനെത്തുടര്ന്ന് ഉത്പന്നങ്ങളുടെ വില ഉയര്ത്തുന്നതിനു പകരം വിതരണച്ചെലവ് വര്ധിപ്പിക്കുകയാണ് ചെയ്തതെന്ന് പറഞ്ഞു. ഇതിലൂടെ ഉപഭോക്താക്കളിലും ചെറുകിട വ്യാപാരികളിലും ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനായെന്നും അദ്ദേഹം വിശദീകരിച്ചു.
തങ്ങളുടെ ക്രിസ്തീയ മൂല്യങ്ങള് ഇന്ധനവിലയേക്കാള് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് ദമ്പതികള് വെളിപ്പെടുത്തിയില്ല.
വെല്സ്വില് സ്വദേശിയും വിരമിച്ച കല്ക്കരി വൈദ്യുതിനിലയ ജീവനക്കാരനുമായ 67-കാരന് ചക്ക് ബേണ്സ്, അനധികൃത കുടിയേറ്റം കുറയ്ക്കുകയും തന്റെ വിരമിക്കല് നിക്ഷേപങ്ങളുടെ മൂല്യം വര്ധിപ്പിക്കുകയും ചെയ്തതിന് ട്രംപിനെ പ്രശംസിച്ചു.
അമേരിക്കയുടെ തെക്കന് അതിര്ത്തിയിലെ കുടിയേറ്റ നിയന്ത്രണ നടപടികളെയും ട്രംപ് അധികാരത്തിലെത്തിയശേഷം തന്റെ വിരമിക്കല് സമ്പാദ്യങ്ങളുടെ മൂല്യം വര്ധിച്ചതിനെയും അദ്ദേഹം അനുകൂലിച്ചു.
തെിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആശങ്കപ്പെടുത്തുന്ന വിഷയങ്ങള് ഏതൊക്കെയാണെന്ന് ചോദിച്ചപ്പോള് ഡെമോക്രാറ്റുകളുടെ ചില നയങ്ങളാണ് തന്നെ ആശങ്കപ്പെടുത്തുന്നതെന്ന് ബേണ്സ് പറഞ്ഞു. വിശദീകരിക്കാന് ആവശ്യപ്പെട്ടപ്പോള് ട്രാന്സ്ജെന്ഡര് വിഷയങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
