ഹേമ കമീഷന്‍ റിപ്പോര്‍ട്ടില്‍ വിലക്കപ്പെട്ട കാര്യങ്ങള്‍ ഒഴിച്ചുള്ളത് സര്‍ക്കാര്‍ പുറത്തുവിടുമെന്ന് മന്ത്രി സജി ചെറിയാന്‍

ഹേമ കമീഷന്‍ റിപ്പോര്‍ട്ടില്‍ വിലക്കപ്പെട്ട കാര്യങ്ങള്‍ ഒഴിച്ചുള്ളത് സര്‍ക്കാര്‍ പുറത്തുവിടുമെന്ന് മന്ത്രി സജി ചെറിയാന്‍


ആലപ്പുഴ: ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമീഷന്‍ റിപ്പോര്‍ട്ടില്‍ വിലക്കപ്പെട്ട കാര്യങ്ങള്‍ ഒഴിച്ചുള്ളത് സര്‍ക്കാര്‍ പുറത്തുവിടുമെന്ന് മന്ത്രി സജി ചെറിയാന്‍. ഒരു വ്യക്തിയെയും പേരെടുത്ത് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. റിപ്പോര്‍ട്ടില്‍ നിന്ന് ചില കാര്യങ്ങള്‍ക്ക് രൂപരേഖ തയാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വ്യക്തിയുടെ സ്വകാര്യതകളും അതിലേക്ക് എത്താവുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിനകത്ത് ഉണ്ടെങ്കില്‍ അത് പുറത്തുവിടില്ല -മന്ത്രി പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴികെ മറച്ചുവെക്കരുതെന്നാണ് വിവരാവകാശ കമീഷന്റെ ഉത്തരവെന്ന് മന്ത്രി പറഞ്ഞു. അത് തന്നെയാണ് ആദ്യം മുതല്‍തന്നെ സംസ്ഥാന സര്‍ക്കാരും സ്വീകരിച്ച നിലപാട്. റിപ്പോര്‍ട്ട് നിയമപരമായി പഠിച്ച ശേഷം ഏതൊക്കെ കാര്യങ്ങള്‍ പുറത്തുവിടണമെന്ന് തീരുമാനിക്കും. റിപ്പോര്‍ട്ടില്‍ ഒരുപാട് വിഷയങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. അതിലെ പ്രധാനപ്പെട്ട നിര്‍ദേശങ്ങളുടെയും അടൂര്‍ ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ഒരു സിനിമ കോണ്‍ക്ലേവ് കേരളത്തില്‍ സംഘടിപ്പിക്കും. സിനിമാരംഗത്തെ പ്രതിസന്ധികളും പ്രശ്‌നങ്ങളും മുന്നോട്ടുള്ള വളര്‍ച്ചയും ഭാവിയും സംബന്ധിച്ച് രൂപരേഖ തയാറാക്കാനുള്ള ചര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.