കൊച്ചി: ബലാത്സംഗക്കേസിലെ ജാമ്യ വ്യവസ്ഥയിലും റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) ഇളവ് നല്‍കി ഹൈക്കോടതി. വിദേശത്ത് പരിപാടി അവതരിപ്പിക്കുന്നതിനായാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയത്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും കോടതി ജാമ്യ വ്യവസ്ഥ റദ്ദാക്കി. മുന്‍കൂര്‍ ജാമ്യത്തിലെ രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഈ മാസം മുതല്‍ ഡിസംബര്‍ വരെ ശ്രീലങ്ക, ദുബായ്, ഖത്തര്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് വേടന്‍ ആവശ്യപ്പെട്ടത്. എറണാകുളം സെഷന്‍സ് കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ വേടന് കേരളത്തിന് പുറത്തുപോകാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നതാണ് വേടനെതിരായ ബലാത്സംഗക്കേസ്. യുവ ഡോക്ടറുടെ പരാതിയില്‍ വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയക്കുകയായിരുന്നു
വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന മറ്റൊരു കേസില്‍ വേടന് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും രാജ്യം വിടുന്നുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നുമായിരുന്നു അന്ന് നിര്‍ദ്ദേശമുണ്ടായത്.
