തൃശൂര്‍: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിയും ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയുമായി. മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശനം ദര്‍ശന രാജേന്ദ്രനും ജ്യോതിര്‍മയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അര്‍ഹരായി.
എട്ടാം തവണയാണ് മമ്മൂട്ടിക്ക് സംസ്ഥാന പുരസ്‌ക്കാരം ലഭിക്കുന്നത്.
മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധാനം നിര്‍വഹിച്ച ചിദംബരം മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം നേടി. മഞ്ഞുമ്മല്‍ ബോയ്‌സാണ് മികച്ച ചിത്രം. മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌ക്കാരം പ്രേമലു സ്വന്തമാക്കി. നവാഗത സംവിധായകനുള്ള പുരസ്‌ക്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസില്‍ മുഹമ്മദ് നേടി.
മികച്ച ചിത്രം, സംവിധായകന്‍, സ്വഭാവനടന്‍, ഛായാഗ്രാഹകന്‍, തിരക്കഥ, കലാസംവിധാനം, ഗാനരചയിതാവ്, ശബ്ദമിശ്രണം, ശബ്ദരൂപകല്‍പ്പന, കളറിസ്റ്റ് എന്നിങ്ങനെ പത്ത് പുരസ്‌ക്കാരങ്ങളാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്.
ലെവല്‍ക്രോസ്, കിഷ്‌കിന്ധാകാണ്ഡം എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് ആസിഫ് അലിക്ക് പ്രത്യേക പരാമര്‍ശത്തിന് കാരണമായത്. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയാണ് ടോവിനോയ്ക്ക് നേട്ടമായത്.
മികച്ച സ്വഭാവ നടനായി സൗബിന്‍ ഷാഹിറും സ്വഭാവ നടിയായി ലിജോമോളും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായകനായി ഹരിശങ്കറും ഗായികയായി സെബ ടോമിയും ഗാനരചയിതാവായി വേടനും പുരസ്‌ക്കാരങ്ങള്‍ നേടി. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി സയനോര ഭാസി വൈക്കവും നേട്ടം കൊയ്തു.
