മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇ ഡി നടപടി. ബാന്ദ്രയിലെ പാലി ഹില്‍ കുടുംബ വീട്, ഡല്‍ഹിയിലെ റിലയന്‍സ് സെന്റര്‍ ഉള്‍പ്പെടെയാണ് ഇ ഡി കണ്ടുകെട്ടിയത്. ഒക്‌ടോബര്‍ 31നാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഡല്‍ഹി, നോയിഡ, ഗാന്ധിയാബാദ്, മുംബൈ, പുനെ, ചെന്നൈ, താനെ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയത്.
റിലയന്‍സ് കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട വായ്പ തട്ടിപ്പിലും ഇ ഡിയുടെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ അടക്കമുള്ള കമ്പനികള്‍ ഏകദേശം 13,600 കോടി രൂപയുടെ വായ്പ ക്രമവിരുദ്ധമായി മറ്റ് കമ്പനികളിലേക്ക് വകമാറ്റിയെന്നാണ് കണ്ടെത്തല്‍. ഇത് സംബന്ധിച്ച് ഇ ഡി മുന്‍പ് അനില്‍ അംബാനിയെ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല. റിലയന്‍സ് പവറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഇ ഡി അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
