മലപ്പുറം: അര്‍ജന്റീന ടീം സൗഹൃദ മത്സരത്തിനായി കേരളത്തില്‍ വരുമെന്ന് കായികമന്ത്രി വി അബ്ദു റഹ്മാന്‍ വീണ്ടും പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് മെസിയും ടീമും വരികയെന്നാണ് കായിക വകുപ്പ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം. ഇതു സംബന്ധിച്ച് അര്‍ജന്റീന ടീമിന്റെ ഇ മെയില്‍ സന്ദേശം വന്നതായും മന്ത്രി പറയുന്നു.
മാര്‍ച്ചില്‍ വരുമെന്ന് ഉറപ്പ് നല്‍കിയതായും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഇത് സംബന്ധിച്ച് ഉടന്‍ ഒദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു. നവംബര്‍ 17ന് നിശ്ചയിച്ചിരുന്ന മത്സരം മുടങ്ങാന്‍ കാരണം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ അസൗകര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഫിഫയുടെ അനുമതി സംബന്ധിച്ച കാര്യങ്ങളില്‍ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല. ഒക്‌ടോബറില്‍ വരുമെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീടത് നവംബറിലേക്ക് മാറ്റിയെങ്കിലും അര്‍ജന്റീനയും മെസിയും വരുന്നില്ലെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മെസിയുടെ വരവ് മാര്‍ച്ചിലായിരിക്കുമെന്ന് മന്ത്രി പറഞ്ഞത്.
നേരത്തെ പറഞ്ഞ നവംബറിലെ കേരള സന്ദര്‍ശന സമയത്ത് അര്‍ജന്‍രീന അംഗോളയിലാണ് കളിക്കുന്നത്. നവംബര്‍ 14ന് ലുവാണ്ടയിലെ സ്റ്റേഡിയത്തിലാണ് മത്സരം. അംഗോളയുടെ സ്വാതന്ത്യത്തിന്റെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് അര്‍ജന്റീനയുടെ സൗഹൃദ മത്സരം സംഘടിപ്പിക്കുന്നത്.
ഗോട്ട് ടൂര്‍ 2025ന്റെ ഭാഗമായി മെസി ഡിസംബറില്‍ ഇന്ത്യയിലെത്തുന്നുണ്ട്. മെസിക്കൊപ്പം സഹതാരം റോഡ്രിഗോ ഡി പോള്‍, യുറഗ്വായ് താരം ലൂയിസ് സുവാരസ് എന്നിവരും ഉണ്ടെന്നാണ് വിവരം. എന്നാല്‍, ഇവര്‍ വരുന്നത് ഫുട്‌ബോള്‍ മത്സരത്തിനല്ല, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണെന്ന് മെസിയുടെ തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
