വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ രഹസ്യമായി ആണവ പരീക്ഷണങ്ങള്‍ നടത്തുന്നുന്നെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ, ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം പാക്കിസ്ഥാനും ലോകശ്രദ്ധയില്‍ നിന്ന് മറച്ചുവച്ചു ഭൂമിക്കടിയിലാണ് ആണവ പരീക്ഷണങ്ങള്‍ നടത്തുന്നതെന്നാണ് ട്രംപിന്റെ ആരോപണം.
ഭൂമിക്കടിയില്‍ ആഴത്തില്‍ നടത്തുന്ന പരീക്ഷണം നടത്തുന്നതെന്നും ചെറിയൊരു പ്രകമ്പനം മാത്രമാണ് അനുഭവപ്പെടുകയെന്നും ട്രംപ് പറഞ്ഞു.
30 വര്‍ഷമായി ആണവ പരീക്ഷണം നടത്താതിരിക്കുന്ന ഏക രാജ്യമാണ് അമേരിക്കയെന്നും എന്നാല്‍ മറ്റ് രാജ്യങ്ങള്‍ രഹസ്യമായി പരീക്ഷണം നടത്തുന്നത് തുടരുന്നതിനാല്‍ യു എസും ആണവ പരീക്ഷണം പുന:രാരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. റഷ്യയും ചൈനയും ഉള്‍പ്പെടെ മറ്റ് രാജ്യങ്ങള്‍ പരീക്ഷണം നടത്തുന്നു.
പാക്കിസ്ഥാന്‍ ആണവ പരീക്ഷണം തുടരുന്നു എന്ന് ഒരു യു എസ് പ്രസിഡന്റ് നേരിട്ട് ആരോപിക്കുന്നത് ഇത് ആദ്യമായാണ്. ഈ വര്‍ഷമാദ്യം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവയുദ്ധം നടക്കുന്നത് തടയാന്‍ താന്‍ സഹായിച്ചു എന്ന പഴയ വാദവും ട്രംപ് അഭിമുഖത്തില്‍ ആവര്‍ത്തിച്ചു.
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം പെട്ടെന്ന് ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ അമേരിക്കയുമായി യാതൊരു ബിസിനസും ചെയ്യാന്‍ കഴിയില്ലെന്ന് ഇരു രാജ്യങ്ങളോടും താന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് യുദ്ധം നിര്‍ത്തിയതെന്നാണ് ട്രംപിന്റെ അവകാശവാദം.
