മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സി അനുവദിക്കാത്ത ദുരനുഭവം പങ്കുവെച്ച് യുവതി; രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സി അനുവദിക്കാത്ത ദുരനുഭവം പങ്കുവെച്ച് യുവതി; രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍


മൂന്നാര്‍: കേരള സന്ദര്‍ശനത്തിനിടെയുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയ മുംബൈ സ്വദേശിയുടെ വീഡിയോ വൈറലായതിനു പിന്നാലെ നടപടി. മൂന്നാര്‍ സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തു. ഗ്രേഡ് എസ് ഐ ജോര്‍ജ് കുര്യന്‍, എ എസ് ഐ സാജു പൗലോസ് എന്നിവര്‍ക്കെതിരെയാണ് നടപടി. യുവതിയെ ഭീഷണിപ്പെടുത്തിവരെക്കുറച്ച് അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.

മുബൈയില്‍ അസിസ്റ്റന്റ് പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്ര ചെയ്തപ്പോള്‍ തനിക്ക് പ്രദേശവാസികളില്‍ നിന്നും പൊലീസില്‍ നിന്നുമുണ്ടായ ദുരനുഭവമാണ് പെണ്‍കുട്ടി പങ്കുവച്ചത്. ആലപ്പുഴയും കൊച്ചിയും സന്ദര്‍ശിച്ച ശേഷമാണ് ജാന്‍വിയും സുഹൃത്തുക്കളും മൂന്നാറിലേക്കെത്തിയത്.

മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയന്‍ സംഘം അപ്രതീക്ഷിതമായി തടയുകയായിരുന്നു. സ്ഥലത്തെ ടാക്‌സി വാഹനത്തില്‍ മാത്രമേ കടത്തിവിടൂ എന്ന് പറഞ്ഞ് ഇവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതി പൊലീസിന്റെ സഹായം തേടിയെങ്കിലും പൊലീസും സമാനമായ നിലപാട് അറിയിക്കുകയും ടാക്‌സി വാഹനത്തില്‍ സഞ്ചരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നെന്നും ജാന്‍വി പറയുന്നു.

ഇതോടെ മറ്റൊരു ടാക്‌സി വാഹനത്തില്‍ യാത്ര ചെയ്‌തെങ്കിലും സുരക്ഷിതമല്ലെന്നു കണ്ട് കേരള യാത്ര അവസാനിപ്പിച്ചതായും യുവതി പറയുന്നു. ഇനി ഒരിക്കലും കേരളസന്ദര്‍ശനം നടത്തില്ലെന്നും 3 മിനിറ്റ് നേരം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ജാന്‍വി പറഞ്ഞിരുന്നു. എങ്കിലും തനിക്ക് കേരളം ഇഷ്ടമാണെന്നും അവര്‍ പറയുന്നുണ്ട്.