പ്രണയിനിയെ കാണാന്‍ സര്‍ക്കാര്‍ ജെറ്റ് ഉപയോഗിച്ചെന്ന വിമര്‍ശനങ്ങള്‍ എഫ് ബി ഐ ഡയറക്ടര്‍ തള്ളി

പ്രണയിനിയെ കാണാന്‍ സര്‍ക്കാര്‍ ജെറ്റ് ഉപയോഗിച്ചെന്ന വിമര്‍ശനങ്ങള്‍ എഫ് ബി ഐ ഡയറക്ടര്‍ തള്ളി


വാഷിംഗ്ടണ്‍: തന്റെ പ്രണയിനിയെ കാണാന്‍ സര്‍ക്കാര്‍ ജെറ്റ് ഉപയോഗിച്ചതിനുള്ള വിമര്‍ശനങ്ങള്‍ എഫ് ബി ഐ ഡയറക്ടര്‍ കശ്യപ് പട്ടേല്‍ തള്ളി. പെന്‍സില്‍വാനിയയിലെ പെന്‍ സ്റ്റേറ്റ് സര്‍വകലാശാലയില്‍ ഒക്ടോബര്‍ 25-ന് നടന്ന റെസ്ലിംഗ് പരിപാടിയില്‍ പ്രണയിനിയായ ഗായിക അലക്‌സിസ് വില്‍ക്കിന്‍സിന്റെ പ്രകടനം കാണാന്‍ 60 മില്യണ്‍ ഡോളര്‍ വിലയുള്ള എഫ് ബി ഐ ജെറ്റ് ഉപയോഗിച്ചെന്നാരോപിച്ചാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

മുന്‍ എഫ് ബി ഐ ഏജന്റും കണ്‍സര്‍വേറ്റീവ് വിശകലന വിദഗ്ധനുമായ കൈല്‍ സെറാഫിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി പട്ടേല്‍ സോഷ്യല്‍ മീഡിയയായ എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ വിമര്‍ശകരെ വിവരമില്ലാത്ത ഇന്റര്‍നെറ്റ് അനാര്‍ക്കിസ്റ്റുകള്‍ എന്ന് വിശേഷിപ്പിച്ചു. ഈ അടിസ്ഥാനരഹിത അഭ്യൂഹങ്ങളിലൂടെ തന്റെ ജോലിയെ വഴിതിരിച്ചുവിടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അലക്‌സിസിനെതിരായ നിന്ദ്യവും അടിസ്ഥാനരഹിതവുമായ ആക്രമണങ്ങള്‍ അത്യന്തം ലജ്ജാകരമാണെന്നും അവര്‍ യഥാര്‍ത്ഥ ദേശഭക്തയും തന്റെ ജീവിത പങ്കാളിയുമാണെന്ന് അഭിമാനത്തോടെ പറയുന്നയാളുമാണെന്നും രാജ്യത്തിനായി അനവധി ആളുകള്‍ പത്ത് ജീവിതത്തിലും ചെയ്യാത്തത് അവര്‍ ചെയ്തിട്ടുണ്ടെന്നും പട്ടേല്‍ പറഞ്ഞു. അവരെ ആക്രമിക്കുന്നത് തെറ്റുമാത്രമല്ല  ഭീരുത്വമാണ്. അത് സുരക്ഷയെ പോലും ഭീഷണിയിലാക്കുന്നുവെന്നും തന്റെ കുടുംബത്തോടുള്ള സ്നേഹം എപ്പോഴും തന്റെ അടിത്തറയായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

എഫ് ബി ഐ പബ്ലിക് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ബെന്‍ വില്യംസണ്‍ പട്ടേലിന്റെ യാത്രയെ പിന്തുണച്ച് വിവാദം കപടമെന്ന് വിശേഷിപ്പിച്ചു. ഫെഡറല്‍ നിയമങ്ങള്‍ പ്രകാരം എഫ് ബി ഐ ഡയറക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ വിമാനങ്ങള്‍ മാത്രം ഉപയോഗിക്കേണ്ടതാണെന്നും സ്വകാര്യ യാത്രയിലും അതാണ് നിര്‍ബന്ധമെന്നും വാണിജ്യ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് നിയമപരമായി വിലക്കപ്പെട്ടതാണെന്നും പറഞ്ഞു. അടിയന്തിര സാഹചര്യങ്ങളില്‍ സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങളിലേക്ക് ആക്‌സസ് നിലനിര്‍ത്താനാണ് ഇതിന്റെ ഉദ്ദേശ്യമെന്നും വില്യംസണ്‍ വ്യക്തമാക്കി.