ഭൂകമ്പബാധിത അഫ്ഗാനിസ്ഥാനിലേക്ക് സഹായവുമായി ഇന്ത്യ; മരുന്നുകളും അവശ്യസാധനങ്ങളും അയച്ചു

ഭൂകമ്പബാധിത അഫ്ഗാനിസ്ഥാനിലേക്ക് സഹായവുമായി ഇന്ത്യ;  മരുന്നുകളും അവശ്യസാധനങ്ങളും അയച്ചു



കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഭൂകമ്പ ബാധിത പ്രവിശ്യകളായ ബല്‍ഖ്, സമംഗാന്‍, ബാഗ്‌ലാന്‍ പ്രവിശ്യകളിലേക്ക് ഇന്ത്യ അടിയന്തരമായി മാനുഷിക സഹായം അയച്ചു.  ഭൂകമ്പത്തില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യ സഹായഹസ്തം നീട്ടിയത്. 

വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ തിങ്കളാഴ്ച അഫ്ഗാന്‍ വിദേശകാര്യ മന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്താക്കിയുമായി സംസാരിക്കുകയും സഹായ വാഗ്ദാനം നല്‍കുകയും ചെയ്തു. 

'ബല്‍ഖ്, സമംഗാന്‍, ബാഗ്‌ലാന്‍ പ്രവിശ്യകളില്‍ ഭൂകമ്പത്തില്‍ നിരവധി ജീവനുകള്‍ നഷ്ടമായതില്‍ അനുശോചനം അറിയിച്ചു. ദുരിതബാധിതര്‍ക്കായുള്ള ഇന്ത്യന്‍ സഹായസാധനങ്ങള്‍ ഇതിനകം കൈമാറി തുടങ്ങി. ആവശ്യമായ മരുന്നുകളും ഉടന്‍ എത്തിക്കും'- ജയ്ശങ്കര്‍ എക്‌സ് പോസ്റ്റില്‍ അറിയിച്ചു.

ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിലെ പുരോഗതി സംബന്ധിച്ചും ഇരുവരും സംസാരിച്ചു. മുത്താക്കിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷമുള്ള പുരോഗതിയെപ്പറ്റിയും പ്രദേശിക സാഹചര്യം സംബന്ധിച്ചും നേതാക്കള്‍ക്കിടയില്‍ ആശയവിനിമയം നടന്നു. 'ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള  ബന്ധങ്ങള്‍ മെച്ചപ്പെട്ടുവരുന്നത് സ്വാഗതാര്‍ഹമാണെന്ന് ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് 6.3 തീവ്രതയുള്ള ഭൂകമ്പമം വടക്കന്‍ അഫ്ഗാനിസ്ഥാനെ പിടിച്ചുകുലുക്കിയത്. കുറഞ്ഞത് 20 പേര്‍ മരിച്ചു, 640ലധികം പേര്‍ക്ക് പരിക്കേറ്റതായി അധികാരികള്‍ അറിയിച്ചു. അതില്‍ 25 പേരുടെ നില ഗുരുതരമാണ്.

വര്‍ഷങ്ങളായുള്ള യുദ്ധവും ദാരിദ്ര്യവും മൂലം ദുരന്തനിവാരണത്തിനുള്ള സംവിധാനങ്ങള്‍ പരിമിതമായ രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. കഴിഞ്ഞ ആഗസ്റ്റില്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ മറ്റൊരു ഭൂകമ്പത്തില്‍ 2,200ല്‍ അധികം പേര്‍ മരിക്കുകയുണ്ടായി.

നന്ദിയറിയിച്ച് താലിബാന്‍ സര്‍ക്കാര്‍

ഇന്ത്യയുടെ മനുഷ്യാവകാശ സഹായം സംബന്ധിച്ച് താലിബാന്‍ സര്‍ക്കാര്‍ നന്ദി രേഖപ്പെടുത്തി.

ഭൂകമ്പത്തിനു മുന്‍പ് തന്നെ ഇന്ത്യ 16 ടണ്‍ ആന്റി-വെക്റ്റര്‍ രോഗ പ്രതിരോധ മരുന്നുകളും പരിശോധനാ കിറ്റുകളും അഫ്ഗാന്‍ ആരോഗ്യമന്ത്രാലയത്തിന് കൈമാറിയതായി താലിബാന്‍ വക്താവ് അറിയിച്ചു. 'അഫ്ഗാനിസ്ഥാനിലെ ആരോഗ്യ മേഖല ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന്  അദ്ദേഹം പറഞ്ഞു.

മലേറിയ, ഡെങ്കിപ്പനി, ലീഷ്മാനിയാസിസ് തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഇന്ത്യയുടെ സഹായം നിര്‍ണായകമാണെന്ന് അഫ്ഗാന്‍ ആരോഗ്യമന്ത്രാലയം പ്രതികരിച്ചു. 'സമയോചിതവും വിലപ്പെട്ടതുമായ സഹായത്തിന് ഇന്ത്യയ്ക്ക് നന്ദി'- മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

 'മനുഷ്യാവകാശ സഹായത്തിലും പ്രദേശിക സഹകരണത്തിലും ഇന്ത്യ വിശ്വസ്ത പങ്കാളിയാണെന്ന് ഈ നടപടിയിലൂടെ വീണ്ടും തെളിഞ്ഞിരിക്കുന്നുവെന്ന് താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.