കുടുംബ വഴക്ക്; ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

കുടുംബ വഴക്ക്; ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു


തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയത്. 

വീടിനകത്തുവെച്ച് ലിഞ്ചുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളില്‍ പോയി തൂങ്ങി മരിക്കുകയായിരുന്നു. വൈകിട്ട് മൂന്നുമണിയോടെ ലിഞ്ചുവിന്റെ കരച്ചില്‍ കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. നാട്ടുകാര്‍ പുതുക്കാട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചുവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. കഴുത്തിലും ശരീരത്തിന്റെ പല ഭാഗത്തും വെട്ടുകത്തികൊണ്ട് വെട്ടേറ്റ നിലയിലാണ്. ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്.

ജോജുവിന്റെ രണ്ടാം വിവാഹവും ലിഞ്ചുവിന്റെ മൂന്നാം വിവാഹമായിരുന്നു. ആദ്യത്തെ വിവാഹത്തില്‍ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. ഇവര്‍ ലിഞ്ചുവിനോടൊപ്പമാണ് താമസിക്കുന്നത്. മക്കള്‍ സ്‌കൂളില്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. കുറച്ചു നാളുകളായി ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ചാലക്കുടി ഡിവൈഎസ്പി മനോജിന്റെ നേതൃത്വത്തില്‍ പുതുക്കാട് പൊലീസ് സ്ഥലത്തെത്തി. ജോജുവിന് ഏതാനും വര്‍ഷം മുമ്പ് 65 ലക്ഷം രൂപ ലോട്ടറി അടിച്ചിരുന്നു.