തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന സി.പി.എം പാളയം ലോക്കൽ സെക്രട്ടറിയും തിരുവനന്തപുരം നഗരസഭ മുൻ കൌൺസിലറുമായ ഐ.പി.ബിനു പിടിയിൽ. കേസിലെ പ്രതികളായ മുൻ കൗൺസിലർമാടക്കമുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഐ.പി.ബിനു കീഴടങ്ങുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഇ.ഡി.ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ.പി.ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്രമിച്ചവരുടെ കൂട്ടത്തിൽ ഐ.പി.ബിനുവിനെയും ഉൾപ്പെടുത്തിയത്. ഇതോടെ കേസിൽ 16 പേരാണ് പിടിയിലായത്. കേസിൽ പ്രതികളായ ആറ്റുകാൽ ഉണ്ണിയും പാളയം സന്തോഷും ഒളിവിലാണ്.
മ്യൂസിയം പോലീസിന് മുന്നിൽ കീഴടങ്ങുന്നുവെന്ന് ഐ.പി.ബിനു ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. കേസിൽ നേരത്തേ അഞ്ച് പ്രതികളെ വഞ്ചിയൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന 300 പേർക്കെതിരേ കേസെടുത്തിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ പോലിസിനെ ആക്രമിച്ചതിന് സി.പി.എം പ്രവർത്തർക്കെതിരെ മറ്റൊരു കേസെടുക്കുമെന്നാണ് സൂചന. പരിക്കേറ്റ പോലീസുകാർ മൊഴി നൽകിയിട്ടുണ്ട്. തലസ്ഥാനത്തുണ്ടായത് പോലീസിന്‍റെ ഗുരുതരവീഴ്ചയാണെന്ന് കേന്ദ്ര ഇന്‍റലിജൻസ് റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്.
ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: ലോക്കൽ സെക്രട്ടറി അറസ്റ്റിൽ; പിടിച്ചതല്ല, പിടികൊടുത്തതെന്ന് ഫേസ്ബുക്കിൽ കുറിപ്പ്
