പരസ്യ ചിത്രീകരണത്തിനെത്തി; യുവ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു

പരസ്യ ചിത്രീകരണത്തിനെത്തി; യുവ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു


കൊച്ചി: പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ പാറമടയിലെ വെള്ളക്കെട്ടിൽ‌ മുങ്ങി മരിച്ചു. ഡല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശി ദിയാന്‍ഷു ജോഷിയാണ് മരിച്ചത്. പെരുമ്പാവൂര്‍ മുടക്കുഴ പെട്ടിമല പാറമടയിലെ വെള്ളക്കെട്ടില്‍ നീന്താന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. 

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിനായാണ് നാലം​ഗ സംഘം പെരുമ്പാവൂരില്‍ എത്തിയത്. ഷൂട്ടിങ് സ്ഥലം കാണുന്നതിനിടയില്‍ ഇയാള്‍ വെള്ളക്കെട്ടിൽ ഇറങ്ങി നീന്തുകയായിരുന്നു. അതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോയി. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി യുവാവിനെ 30 അടി താഴ്ചയിൽ നിന്ന് പാതാളക്കരണ്ടി ഉപയോ​ഗിച്ച് പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഇരുപത് വര്‍ഷത്തിലേറെയായി പാറമട അടഞ്ഞുകിടക്കുകയായിരുന്നെന്നാണ് വിവരം. ചിലര്‍ ഇവിടെ മുങ്ങിമരിച്ചിരുന്നു. തുടര്‍ന്ന് പാറമടയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. പരസ്യചിത്രീകരണത്തിനായി ഇവര്‍ മുന്‍കൂട്ടി അനുമതി ചോദിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഇന്ന് അവധിയായതിനാൽ നാളെ അനുമതി തേടാനിരിക്കുകയായിരന്നെന്ന് സംഘാടകർ പോലീസിനോട് പറഞ്ഞു. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.