കുവൈത്തിലേക്ക് മിസൈൽ ആക്രമണം; 'വെടിനിർത്തൽ ലംഘിച്ചത് ഇറാൻ' എന്ന് അമേരിക്ക

കുവൈത്തിലേക്ക് മിസൈൽ ആക്രമണം; 'വെടിനിർത്തൽ ലംഘിച്ചത് ഇറാൻ' എന്ന് അമേരിക്ക


വാഷിംഗ്ടൺ: കുവൈത്തിനെ ലക്ഷ്യമാക്കി ഇറാൻ നടത്തിയതായി പറയുന്ന ബാലിസ്റ്റിക് മിസൈൽ ആക്രമണം വെടിനിർത്തൽ കരാറിന്റെ ഗുരുതര ലംഘനമാണെന്ന് അമേരിക്ക. യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) ആണ് ഇറാനെതിരെ കടുത്ത ആരോപണം ഉന്നയിച്ചത്. പശ്ചിമേഷ്യയിൽ സംഘർഷം ശമിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ ആരോപണവും തിരിച്ചടിയും.

മേയ് 27 രാത്രി 10.17നാണ് ഇറാൻ കുവൈത്തിനെ ലക്ഷ്യമാക്കി മിസൈൽ പ്രയോഗിച്ചതെന്നാണ് സെന്റ്‌കോമിന്റെ അവകാശവാദം. എന്നാൽ കുവൈത്ത് സൈന്യം എല്ലാ മിസൈലുകളും വിജയകരമായി തകർത്തുവെന്നും അമേരിക്ക അറിയിച്ചു. ഹോർമൂസ് കടലിടുക്കിന് സമീപം അമേരിക്കൻ താൽപര്യങ്ങൾക്ക് ഭീഷണിയായ അഞ്ച് ഡ്രോൺ ആക്രമണങ്ങൾക്കു പിന്നാലെയായിരുന്നു മിസൈൽ ആക്രമണമെന്നും സെന്റ്‌കോം ആരോപിച്ചു.

അതേസമയം, നേരത്തെ അമേരിക്ക തെക്കൻ ഇറാനിൽ നടത്തിയ സൈനികാക്രമണമാണ് വെടിനിർത്തൽ കരാറിന്റെ  ലംഘനമെന്ന് ഇറാൻ ആരോപിച്ചിരുന്നു. മിസൈൽ ലോഞ്ച് കേന്ദ്രങ്ങളും കടലിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ ബോട്ടുകളുമാണ് അമേരിക്ക ലക്ഷ്യമിട്ടതെന്ന് സെന്റ്‌കോം വിശദീകരിച്ചു. ഇത് സ്വയംരക്ഷാ നടപടിയാണെന്നുമായിരുന്നു അമേരിക്കയുടെ വാദം.

എന്നാൽ ഇറാന്റെ റെവല്യൂഷണറി ഗാർഡ് എയറോസ്‌പേസ് വിഭാഗം കമാൻഡർ സയ്യിദ് മജീദ് മൂസവി, അമേരിക്ക തന്നെയാണ് ആദ്യം വെടിനിർത്തൽ കരാർ ലംഘിച്ചതെന്ന് ആരോപിച്ചു. ഇതിനിടെ, ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചെങ്കിലും, കരാർ ഉണ്ടായില്ലെങ്കിൽ 'ജോലി പൂർത്തിയാക്കാൻ' വീണ്ടും സൈനിക നടപടി സ്വീകരിക്കേണ്ടി വരാമെന്ന് മുന്നറിയിപ്പും നൽകി.

പശ്ചിമേഷ്യയിലെ വിവിധ സൈനിക താവളങ്ങളിലായി ഏകദേശം 50,000 അമേരിക്കൻ സൈനികർ സജ്ജമാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി അറിയിച്ചു. മേഖലയിലെ സ്ഥിതി അതീവ സംഘർഷഭരിതമായി തുടരുകയാണ്.