അസർബൈജാനോട് സൗഹൃദസൂചന; സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇന്ത്യ

അസർബൈജാനോട് സൗഹൃദസൂചന; സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇന്ത്യ


ന്യൂഡൽഹി: അസർബൈജാന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു അയച്ച ആശംസാസന്ദേശം ഇന്ത്യ-അസർബൈജാൻ ബന്ധത്തിൽ പുതിയ സൗഹൃദസൂചനയായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാകിസ്താനുമായുള്ള അസർബൈജാന്റെ അടുത്ത ബന്ധത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ മരവിപ്പ് അനുഭവപ്പെട്ടിരുന്നു.

അസർബൈജാൻ പ്രസിഡന്റ് ഇൻഹാം ഏലിയാവിന് അയച്ച സന്ദേശത്തിൽ, ഇന്ത്യക്കും അസർബൈജാനും തമ്മിൽ ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധമുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സാമ്പത്തികവാണിജ്യ മേഖലകളിലും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിലും കൂടുതൽ സഹകരിക്കാനുള്ള വലിയ സാധ്യതകളുണ്ടെന്നും അവർ പറഞ്ഞു. അസർബൈജാൻ ജനതയുടെ സമൃദ്ധിക്കും പുരോഗതിക്കും ആശംസകളും രാഷ്ട്രപതി നേർന്നു.

1918ൽ രൂപം കൊണ്ട അസർബൈജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ സ്മരണയായാണ് രാജ്യം മേയ് 28ന് ദേശീയദിനം ആഘോഷിക്കുന്നത്.

ഇതിനിടെ, ഏപ്രിലിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി സിബി ജോർജ് ബാക്കു സന്ദർശിച്ച് ഉന്നതതല ചർച്ചകൾ നടത്തിയതും ബന്ധം മെച്ചപ്പെടുത്താനുള്ള നിർണായക നീക്കമായിരുന്നു. അസർബൈജാൻ ഉപവിദേശകാര്യമന്ത്രി എൽനൂർ മമ്മദോവുമായി ചേർന്നായിരുന്നു ചർച്ചകൾ.

ഊർജം, വ്യാപാരം, അന്തർദേശീയ ഗതാഗത ഇടനാഴി, സാങ്കേതികവിദ്യ, ഔഷധനിർമാണം, ഭീകരവിരുദ്ധ സഹകരണം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്താൻ ധാരണയിലെത്തി. മധ്യേഷ്യയിലെയും ദക്ഷിണ കോക്കസസ് മേഖലയിലെയും സാന്നിധ്യം വർധിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതേസമയം, എണ്ണവാതക സമ്പത്തും തന്ത്രപ്രധാന സ്ഥാനവുമുള്ള അസർബൈജാന് ഇന്ത്യയുടെ വിപണിയിലും സാങ്കേതിക പരിജ്ഞാനത്തിലുമാണ് കൂടുതൽ താൽപര്യം കാണിക്കുന്നത്.

സാധാരണ ഔപചാരിക സന്ദേശമായി കാണപ്പെടുന്ന രാഷ്ട്രപതിയുടെ ആശംസകൾ ഇത്തവണ കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നേടിയിരിക്കുകയാണ്. ദീർഘകാല ഭിന്നതകൾക്കു പകരം സഹകരണത്തിനും സംഭാഷണത്തിനും മുൻഗണന നൽകാനുള്ള ഇരുരാജ്യങ്ങളുടെയും നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.