വാഷിംഗ്ടൺ: അമേരിക്കയിൽ തപാൽ വഴിയുള്ള വോട്ടെടുപ്പിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് താൽക്കാലിക ആശ്വാസമായി ഫെഡറൽ കോടതി വിധി. ട്രംപ് പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവ് തടയണമെന്ന ആവശ്യവുമായി വിവിധ സിവിൽ അവകാശ സംഘടനകളും ഡെമോക്രാറ്റിക് പാർട്ടി കമ്മിറ്റികളും നിരവധി സംസ്ഥാനങ്ങളും സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു.
വാഷിംഗ്ടണിലെ ഫെഡറൽ ജഡ്ജി കാർൽ ജെ. നിക്കൾസാണ് ഉത്തരവ് തടയാൻ വിസമ്മതിച്ചത്. പ്രസിഡന്റിന്റെ അധികാരം മറികടന്ന് കോൺഗ്രസിന്റെയും സംസ്ഥാന നിയമസഭകളുടെയും അധികാരത്തിൽ ഇടപെടുന്നതാണ് ഉത്തരവെന്നാണ് ഹർജിക്കാരുടെ വാദം. എന്നാൽ ഉത്തരവിലെ നിർദേശങ്ങൾ ഇനിയും പൂർണമായി നടപ്പിലാക്കിയിട്ടില്ലാത്തതിനാൽ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
മാർച്ച് 31ന് പുറത്തിറക്കിയ ഉത്തരവിൽ, ആഭ്യന്തര സുരക്ഷാ വകുപ്പിനും സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനും അമേരിക്കൻ പൗരന്മാരുടെ പട്ടിക തയ്യാറാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസുകൾക്ക് കൈമാറാൻ നിർദേശിച്ചിരുന്നു. ഈ പട്ടികയിൽ ഉൾപ്പെട്ടവർക്കു മാത്രമേ തപാൽ വോട്ടുകൾ കൈമാറാവൂ എന്ന തരത്തിലുള്ള മാർഗനിർദേശങ്ങൾ തയാറാക്കാൻ യുഎസ് പോസ്റ്റൽ സർവീസിനും നിർദേശം നൽകിയിട്ടുണ്ട്.
ഇത് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് അധികാരത്തിൽ കടന്നുകയറുന്നതാണെന്നും തെറ്റായ വിവരങ്ങൾ ഉപയോഗിച്ചാൽ നിരവധി പേർക്ക് വോട്ടവകാശം നഷ്ടമാകാമെന്നുമാണ് വിമർശകരുടെ ആരോപണം.
അതേസമയം, ട്രംപ് ഭരണകൂടത്തിനെതിരായ സമാന ഹർജികൾ ബോസ്റ്റണിലെ ഫെഡറൽ കോടതിയിൽ ഇപ്പോഴും പരിഗണനയിലുണ്ട്. അടുത്ത മാസം ആദ്യം അതിൽ വിധി വന്നേക്കുമെന്നാണ് സൂചന.
തപാൽ വോട്ടിംഗിന് നിയന്ത്രണം; ട്രംപിന് താൽക്കാലിക ആശ്വാസമായി കോടതി വിധി
