അമേരിക്ക-ഇറാൻ വെടിനിർത്തൽ ധാരണ; അന്തിമ അനുമതി നൽകേണ്ടത് ട്രംപ്

അമേരിക്ക-ഇറാൻ വെടിനിർത്തൽ ധാരണ;  അന്തിമ അനുമതി നൽകേണ്ടത് ട്രംപ്


വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ നിർണായകമായ വെടിനിർത്തൽ ധാരണയിലെത്തിയതായി റിപ്പോർട്ട്. എന്നാൽ കരാറിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്തിമ അനുമതി നൽകിയിട്ടില്ലെന്നാണ് സൂചന. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നതും വെടിനിർത്തൽ 60 ദിവസം കൂടി നീട്ടുന്നതുമാണ് കരാറിന്റെ അടിസ്ഥാനരൂപമെന്നാണ് റിപ്പോർട്ടുകൾ. 

അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ചർച്ചകളുടെ ഭൂരിഭാഗവും ചൊവ്വാഴ്ച തന്നെ പൂർത്തിയായിരുന്നു. കരാറിന് മുന്നോട്ടുപോകാൻ ടെഹ്രാനിലെ ഉന്നതനേതൃത്വത്തിന്റെ അംഗീകാരം ഇറാൻ പ്രതിനിധികൾ നേടിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ അന്തിമ തീരുമാനമെടുക്കാൻ തനിക്ക് കുറച്ച് ദിവസം കൂടി വേണമെന്നാണ് ട്രംപ് മധ്യസ്ഥരെ അറിയിച്ചതെന്നാണ് വിവരം.

കരാറിന്റെ ഭാഗമായി ഹോർമൂസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം സാധാരണ നിലയിലാക്കുക, ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യുക, ഉപരോധ ഇളവുകൾ സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങളും ഉൾപ്പെടുന്നുവെന്നാണ് സൂചന. ഇറാൻ ആണവായുധ വികസനം മുന്നോട്ടുകൊണ്ടുപോകില്ലെന്ന ഉറപ്പും ചർച്ചയിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. 

അതേസമയം, സമാധാന ചർച്ചകൾക്കിടയിലും മേഖലയിൽ സംഘർഷം തുടരുകയാണ്. കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്നാണ് അമേരിക്കയുടെ ആരോപണം. എല്ലാ മിസൈലുകളും തടഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമൂസ് കടലിടുക്കിന് സമീപം ഇറാന്റെ ഡ്രോൺ നീക്കങ്ങളും അമേരിക്ക ചൂണ്ടിക്കാട്ടി. 

മറുവശത്ത്, തെക്കൻ ഇറാനിൽ അമേരിക്ക നടത്തിയ സൈനികാക്രമണമാണ് വെടിനിർത്തൽ ലംഘിച്ചതെന്ന് ഇറാൻ ആരോപിച്ചു. പശ്ചിമേഷ്യയിലെ വിവിധ സൈനിക താവളങ്ങളിലായി ഏകദേശം 50,000 അമേരിക്കൻ സൈനികർ ഇപ്പോഴും സജ്ജമാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യങ്ങൾ ഏത് നിമിഷവും വീണ്ടും കടുത്ത സംഘർഷത്തിലേക്ക് നീങ്ങാമെന്ന ആശങ്ക തുടരുകയാണ്.