കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കറകളഞ്ഞ വര്‍ഗീയവാദികളാണെന്ന നിലപാട് സിപിഎമ്മിനും എല്‍ഡിഎഫിനും മുമ്പും ഉണ്ടായിരുന്നതുപോലെ ഇപ്പോഴും തുടരുന്നതായും, അവരുടെ നിലപാട് മാറിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ എകെജി സെന്ററില്‍ കൂടിക്കാഴ്ച നടന്നതായും, അവര്‍ വര്‍ഗീയവാദികളാണെന്ന് അറിയാവുന്നതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ആ ചര്‍ച്ചയില്‍ ഏതൊരു രീതിയിലുള്ള ഗുഡ് സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടിക്കാഴ്ചയ്ക്ക് എത്തിയവര്‍ അവരുടെ നിലപാടുകള്‍ വിശദീകരിക്കാന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോളിഡാരിറ്റി യുവാക്കളും സംഘത്തിനൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ സോളിഡാരിറ്റി പ്രവര്‍ത്തകരാണെന്ന് പറഞ്ഞപ്പോള്‍, 'ഇവരല്ലേ സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുള്ളവര്‍?' എന്നു ചോദിച്ചെന്നും അതുകേട്ട് അവര്‍ അതിശയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'എന്ത് നല്ല കാര്യം വന്നാലും എതിര്‍ക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്. അങ്ങനെ പ്രവര്‍ത്തിക്കുന്നവരല്ലേ സാമൂഹിക വിരുദ്ധര്‍?' എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇത്തരത്തിലുള്ള സമീപനം തുടരുന്നതുകൊണ്ട് തന്നെ അവര്‍ സമൂഹത്തില്‍ പ്രതികൂല ശക്തികളായി കാണപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഒരു അന്തര്‍ദേശീയ സംഘടനയാണെങ്കിലും, പ്രദേശങ്ങളനുസരിച്ച് വ്യത്യസ്തമായ നിലപാടുകള്‍ എടുക്കുന്നവരുമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അവരുടെ നിലപാട് മതതീവ്രവാദപരമാണെന്നും അത് മതവിശ്വാസികളില്‍ തന്നെ എതിര്‍പ്പ് സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മും എല്‍ഡിഎഫും ഒരു ഘട്ടത്തിലും ജമാഅത്തെ ഇസ്ലാമിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും, അവര്‍ കറതീര്‍ന്ന വര്‍ഗീയവാദികളാണെന്ന വിലയിരുത്തലാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും, എന്നാല്‍ 2014 ജനുവരി 28ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയുമായിരുന്ന കാലത്ത്, ജമാഅത്തെ ഇസ്ലാമി നിയമവിരുദ്ധ പ്രസ്ഥാനമാണെന്ന് വ്യക്തമാക്കി അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി കറകളഞ്ഞ വര്‍ഗീയവാദികള്‍, 'ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല' -മുഖ്യമന്ത്രി
