ജെ സി ഡാനിയേല്‍ പുരസ്‌ക്കാരം ശാരദയ്ക്ക്

ജെ സി ഡാനിയേല്‍ പുരസ്‌ക്കാരം ശാരദയ്ക്ക്


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമുന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം ജനുവരി 25ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ സമ്മാനിക്കും. നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരം കൈമാറുക. മുപ്പത്തിരണ്ടാമത് ജെ സി ഡാനിയേല്‍ പുരസ്‌കാരമാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചത്.

ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് കൂടിയായ ശ്രീകുമാരന്‍ തമ്പി, നടി ഉര്‍വശി, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് ശാരദയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. തുലാഭാരം, സ്വയംവരം എന്നീ മലയാളം ചിത്രങ്ങളിലൂടെയും തെലുങ്കു ചിത്രമായ നിമജ്ജനത്തിലൂടെയും ശാരദ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ തെനാലി സ്വദേശിയാണ് സരസ്വതീ ദേവി എന്ന ശാരദ. ഇണപ്രാവുകള്‍ എന്ന ചിത്രത്തിലൂടെ 1965ലാണ് മലയാള ചലച്ചിത്ര ലോകത്തെത്തിയത്. 125ല്‍ അധികം മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.