നൂക്ക്: ഗ്രീന്‍ലാന്റ് പിടിച്ചടക്കാനുള്ള യു എസ് നീക്കം ശക്തമായതിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്രീന്‍ലാന്‍ഡിലേയ്ക്ക് സൈന്യത്തെ അയച്ചു. ഡെന്മാര്‍ക്കിനു കീഴിലെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡ് തങ്ങള്‍ക്കു വേണമെന്ന ആവശ്യം അമെരിക്ക ആവര്‍ത്തിച്ചു കൊണ്ടിരിക്കെയാണ് ഗ്രീന്‍ലന്‍ഡിലേയ്ക്ക് ഫ്രാന്‍സ്, സ്വീഡന്‍, ജര്‍മനി, നോര്‍വേ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ എത്തിയത്.
യു എസുമായി ഡെന്മാര്‍ക്കിന്റേയും ഗ്രീന്‍ലന്‍ഡിന്റേയും പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സൈനിക നീക്കം. ചര്‍ച്ച ഫലപ്രദമായില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. നിരീക്ഷണത്തിനാണ് തങ്ങളുടെ സൈനികരെ ഗ്രീന്‍ലാന്‍ഡ് തലസ്ഥാനമായ നൂക്കില്‍ വിന്യസിക്കുന്നതെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കി. ഗ്രീന്‍ലാന്‍ഡ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കും എന്ന ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഗ്രീന്‍ലന്‍ഡിന്റേയും ഡെന്മാര്‍ക്കിന്റേയും വിദേശകാര്യ മന്ത്രിമാര്‍ യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയില്‍ വിയോജിപ്പുകള്‍ പരിഹരിക്കാന്‍ സാധിച്ചില്ലെന്നും ഗ്രീന്‍ലാന്‍ഡ്് പിടിക്കാനുള്ള ട്രംപിന്റെ തീരുമാനം സ്പഷ്ടമായെന്നും ചര്‍ച്ചയ്ക്കു ശേഷം ഡാനിഷ് വിദേശകാര്യമന്ത്രി ലാര്‍സ് ലോക്ക് റുസൈന്‍ പറഞ്ഞു. ചര്‍ച്ചയില്‍ സൈനിക നടപടിയിലൂടെയല്ലാതെ ഗ്രീന്‍ലന്‍ഡ് ഡെന്മാര്‍ക്കില്‍ നിന്ന് വില കൊടുത്തു വാങ്ങാനുള്ള സാധ്യതയും യു എസ് മുന്നോട്ടു വച്ചിരുന്നു. വരും ദിവസങ്ങളില്‍ നേറ്റോ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുമെന്നും അവരുടെ കൂടുതല്‍ കപ്പലുകളും സേനാ വിമാനങ്ങളും എത്തുമെന്നും ഗ്രീന്‍ലന്‍ഡ് ഉപ പ്രധാനമന്ത്രി മ്യൂട്ട് എഗെഡ് പറഞ്ഞു.
ഡെന്മാര്‍ക്കിന്റെ ക്ഷണപ്രകാരമാണ് നൂക്കിലേയ്ക്ക് സേനയെ അയയ്ക്കുന്നതെന്നും ചൈനയും റഷ്യയും ആര്‍ട്ടിക് മേഖലയില്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാനാണ് ഇതെന്നും ജര്‍മനി പറഞ്ഞു. ആദ്യ ബാച്ച് ഫ്രഞ്ച് സൈന്യം നൂക്കിലേയ്ക്ക് പുറപ്പെട്ടു എന്നും ബാക്കിയുള്ളവര്‍ ഉടനെ എത്തുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു. യൂറോപ്യന്‍ ദൗത്യത്തിന്റെ ഭാഗമായി ഒരു സൈനികോദ്യോഗസ്ഥനെ അയയ്ക്കുമെന്ന് നെതര്‍ലന്‍ഡ്‌സ് അറിയിച്ചു.
അതേസമയം ആര്‍ട്ടിക് മേഖലയില്‍ റഷ്യയും ചൈനയും ഭീഷണിയാകുന്നു എന്ന വ്യാജപ്രചരണങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രീന്‍ലന്‍ഡില്‍ നേറ്റോ നടത്തുന്ന സൈനിക വിന്യാസം ഏറെ ആശങ്കയുണ്ടാക്കുന്നു എന്ന് റഷ്യ പറഞ്ഞു. വാന്‍സും ഗ്രീന്‍ലന്‍ഡ്- ഡാനിഷ് പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷവും ദ്വീപ് ഏറ്റെടുക്കാനുള്ള ഒരു സാധ്യതയും തള്ളിക്കളയില്ല എന്നാണ് ട്രംപിന്റെ ഭാഷ്യം.
