ബെയ്ജിങ് / വാഷിങ്ടണ്‍: അമേരിക്കയും തായ്‌വാനും തമ്മില്‍ ഒപ്പുവച്ച ചരിത്രപ്രധാനമായ വ്യാപാരകരാറിനെതിരെ കടുത്ത പ്രതിഷേധവുമായി ചൈന. തായ്‌വാനുമായി അമേരിക്ക ഒപ്പുവയ്ക്കുന്ന ഏത് തരത്തിലുള്ള കരാറിനെയും ചൈന ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കയുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങള്‍ തായ്‌വാനുമായി കരാറുകളില്‍ ഏര്‍പ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു. 'ഏക ചൈന' നയം അമേരിക്ക മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്ന നിലപാട് ബെയ്ജിങ് വീണ്ടും ആവര്‍ത്തിച്ചു.
അമേരിക്ക-തായ്‌വാന്‍ കരാര്‍ പ്രകാരം തായ്‌വാന്‍ ഉല്‍പ്പന്നങ്ങളിലെ അമേരിക്കന്‍ തീരുവ 20 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കും. അതേസമയം, തായ്‌വാന്‍ കമ്പനികളുടെ അമേരിക്കയിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കാനും ധാരണയായി. ഈ കരാര്‍ അമേരിക്കയിലെ സെമികണ്ടക്ടര്‍ വ്യവസായത്തെ ശക്തിപ്പെടുത്തുമെന്ന് യുഎസ് വാണിജ്യവകുപ്പ് അറിയിച്ചു.
കരാറിനെ സ്വാഗതം ചെയ്ത തായ്‌വാന്‍ പ്രധാനമന്ത്രി ചോ ജംഗ്തായ്, മാസങ്ങളോളം നീണ്ട ചര്‍ച്ചകളുടെ ഫലമാണിതെന്ന് പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഐ ചിപ്പ് നിര്‍മാതാവെന്ന സ്ഥാനം തായ്‌വാന്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ് വാണിജ്യമന്ത്രി ഹോവാര്‍ഡ് ലുട്ട്‌നിക്, തായ്‌വാന്റെ സെമികണ്ടക്ടര്‍ വിതരണശൃംഖലയുടെ 40 ശതമാനം വരെ അമേരിക്കയിലേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് പറഞ്ഞു. തായ്‌വാനിലെ പ്രമുഖ ചിപ്പ് നിര്‍മാതാക്കളായ ടി.എസ്.എം.സി. അരിസോണയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തയ്യാറെടുക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
അമേരിക്കയില്‍ നിക്ഷേപിക്കുന്ന തായ്‌വാന്‍ കമ്പനികള്‍ക്ക് ഭാവിയില്‍ സെമികണ്ടക്ടര്‍ തീരുവകളില്‍ ഇളവുകള്‍ ലഭിക്കുമെന്നും യുഎസ് വാണിജ്യവകുപ്പ് വ്യക്തമാക്കി. അതേസമയം, വ്യാപകമായ ചിപ്പ് തീരുവകള്‍ അമേരിക്ക താത്കാലികമായി നീട്ടിവെച്ചിട്ടുണ്ട്. ചില സെമികണ്ടക്ടറുകള്‍ക്ക് മാത്രം 25 ശതമാനം തീരുവ പ്രഖ്യാപിച്ച അമേരിക്ക, എന്‍വിഡിയ പോലുള്ള കമ്പനികള്‍ക്ക് ചൈനയിലേക്ക് എഐ ചിപ്പുകള്‍ കയറ്റുമതി ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ട്.
അമേരിക്ക-തായ്‌വാന്‍ വ്യാപാര കരാറിനെതിരെ പ്രതിഷേധവുമായി ചൈന
