മിന്നിയാപൊളിസില്‍ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ, ഇന്‍സറക്ഷന്‍ ആക്ട് ഉപയോഗിച്ച് സൈന്യത്തെ വിന്യസിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാന-ഫെഡറല്‍ അധികാരികള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ നഗരത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE ) ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട മറ്റൊരു വെടിവയ്പ് സംഭവമാണ് പ്രതിഷേധങ്ങള്‍ക്ക് തീ പകര്‍ന്നത്. ഫെഡറല്‍ കെട്ടിടത്തിന് സമീപം ഒരു ICE ഏജന്റിനെ ഒരാള്‍ ആക്രമിച്ചതായി ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) അറിയിച്ചു. ഇതിനിടെ സമീപത്തെ ഒരു ഫ്‌ലാറ്റില്‍ നിന്നെത്തിയ രണ്ട് പേര്‍ ഷവല്‍ ഉപയോഗിച്ച്, ഏജന്റിനെ ആക്രമിച്ചതായും ആരോപണം ഉണ്ട്. പിടിയിലായിരുന്ന പ്രതി വീണ്ടും ആക്രമിച്ചതോടെ ഉദ്യോഗസ്ഥന്‍ സ്വരക്ഷയ്ക്കായി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് ഇയാളുടെ കാലിന് പരുക്കേറ്റു.
ഈ സംഭവത്തിന് പിന്നാലെ മിന്നിയാപൊളിസില്‍ വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഫെഡറല്‍ കെട്ടിടത്തിന് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധത്തിനിടെ എറിഞ്ഞ ഒരു വസ്തുവിനെ തുടര്‍ന്ന് ഫെഡറല്‍ ഏജന്റുകള്‍ പെപ്പര്‍ ബോള്‍സ് പ്രയോഗിച്ചു. ഇതില്‍ CNN വാര്‍ത്താ സംഘം ഉള്‍പ്പെടെ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ചില ഫെഡറല്‍ ഏജന്‍സി വാഹനങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങളെ 'നിയമവിരുദ്ധവും അക്രമാസക്തവും' എന്നു വിശേഷിപ്പിച്ച ട്രംപ്, സാഹചര്യം നിയന്ത്രണാതീതമായാല്‍ 1807ലെ ഇന്‍സറക്ഷന്‍ ആക്ട് പ്രയോഗിച്ച് സൈന്യത്തെ വിന്യസിക്കുമെന്ന് വ്യക്തമാക്കി. എന്നാല്‍ മിന്നസോട്ട ഗവര്‍ണറും മിന്നിയാപൊളിസ് മേയറും കേന്ദ്രത്തിന്റെ നിലപാടിനെതിരെ രംഗത്തെത്തി. സൈനിക ഇടപെടല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ മാനിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കുടിയേറ്റ നയങ്ങളും ഫെഡറല്‍ ഇടപെടലും ചുറ്റിപ്പറ്റിയുള്ള ഈ സംഭവങ്ങള്‍ അമേരിക്കയില്‍ വലിയ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചയായി മാറുകയാണ്. നഗരത്തില്‍ കനത്ത സുരക്ഷ തുടരുമ്പോള്‍, അടുത്ത ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ കൂടുതല്‍ വ്യാപിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.
മിന്നിയാപൊളിസില്‍ പ്രതിഷേധം; ഇന്‍സറക്ഷന്‍ ആക്ട് ഉപയോഗിക്കുമെന്ന് ട്രംപ്
