മയക്കുമരുന്ന് കാര്‍ട്ടലുകളെ നേരിടാന്‍ യു എസ് സേനയെ അനുവദിക്കണമെന്ന് മെക്‌സിക്കോയോട് അമേരിക്ക

മയക്കുമരുന്ന് കാര്‍ട്ടലുകളെ നേരിടാന്‍ യു എസ് സേനയെ അനുവദിക്കണമെന്ന് മെക്‌സിക്കോയോട് അമേരിക്ക


വാഷിങ്ടണ്‍: മെക്‌സിക്കോയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഫെന്റനില്‍ ലാബുകള്‍ തകര്‍ക്കുന്നതിന് സംയുക്ത സൈനിക നടപടികള്‍ക്ക് യു എസ് സൈന്യത്തെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക മെക്‌സിക്കോയോട് സമ്മര്‍ദ്ദം ശക്തമാക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യു എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

സംശയാസ്പദ ഫെന്റനില്‍ ലാബുകളിലേക്കുള്ള റെയ്ഡുകളില്‍ മെക്‌സിക്കന്‍ സൈനികര്‍ക്കൊപ്പം യു എസ് പ്രത്യേക സൈനിക വിഭാഗങ്ങളെയോ അല്ലെങ്കില്‍ സി ഐ എ ഉദ്യോഗസ്ഥരെയോ പങ്കെടുപ്പിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പേരുവെളിപ്പെടുത്താത്ത നിരവധി യു എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവിട്ടത്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മയക്കുമരുന്ന് കാര്‍ട്ടലുകളെ ശക്തമായി നേരിടുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ റോയിറ്റേഴ്‌സിനോട് പറഞ്ഞു. യു എസിലേക്ക് മയക്കുമരുന്ന് കടക്കുന്നത് തടയുന്നതിനായി ട്രംപ് എല്ലാ വഴികളും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ച ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പ്രസിഡന്റ് ട്രംപ് മെക്‌സിക്കോയെ മയക്കുമരുന്ന് കാര്‍ട്ടലുകളാണ് നിയന്ത്രിക്കുന്നതെന്ന് ആരോപിക്കുകയും അവരെ ചെറുക്കുന്നതിന് യു എസ് മെക്‌സിക്കോയിലെ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കുകയും ചെയ്തു. മയക്കുമരുന്ന് കാര്‍ട്ടലുകള്‍ക്കെതിരെ യു എസ് സൈനിക ശക്തി വിനിയോഗിക്കുമെന്ന ഭീഷണികളുടെ ഭാഗമായിരുന്നു ഈ പരാമര്‍ശം.

അതേസമയം, മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലൗഡിയ ഷെയിന്‍ബൗം, മയക്കുമരുന്ന് കാര്‍ട്ടലുകളെ നേരിടാന്‍ യു എസ് സൈനിക ഇടപെടല്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. സുരക്ഷയും മയക്കുമരുന്ന് കടത്തും സംബന്ധിച്ച് ട്രംപുമായി സംഭാഷണം നടത്തിയതിന് ശേഷമാണ് ഈ നിലപാട് സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു.

ജനുവരി 3-ന് യു എസ് സേന വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയതിന് പിന്നാലെയാണ് മെക്‌സിക്കോയിലേക്ക് യു എസ് സേനയെ വിന്യസിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍പ് ട്രംപ് നല്‍കിയ സൈനിക ഇടപെടല്‍ നിര്‍ദേശങ്ങളും ഷെയിന്‍ബൗം നിരസിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.