പരാജയപ്പെട്ട സൈനികനിയമം: ദക്ഷിണ കൊറിയയുടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് യൂണ്‍ സുക് യോളിന് അഞ്ച് വര്‍ഷം തടവ്

പരാജയപ്പെട്ട സൈനികനിയമം: ദക്ഷിണ കൊറിയയുടെ പുറത്താക്കപ്പെട്ട പ്രസിഡന്റ്  യൂണ്‍ സുക് യോളിന് അഞ്ച് വര്‍ഷം തടവ്


സിയോള്‍: രാജ്യത്ത് സൈനികനിയമം പ്രഖ്യാപിക്കാന്‍ നടത്തിയ പരാജയപ്പെട്ട ശ്രമവുമായി ബന്ധപ്പെട്ട കേസില്‍ ദക്ഷിണ കൊറിയയുടെ മുന്‍ പ്രസിഡന്റ് യൂണ്‍ സുക് യോളിന് അഞ്ച് വര്‍ഷം തടവ്. അറസ്റ്റ് വാറന്റ് നടപ്പാക്കുന്നതില്‍ അന്വേഷണ ഏജന്‍സികളെ തടഞ്ഞത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളിലാണ് സിയോള്‍ സെന്‍ട്രല്‍ ജില്ലാ കോടതി ശിക്ഷ വിധിച്ചത്.

2024 ഡിസംബറില്‍ സൈനികനിയമം പ്രഖ്യാപിക്കാന്‍ യൂണ്‍ നടത്തിയ നീക്കം രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ക്കും പാര്‍ലമെന്റിലെ കടുത്ത ഏറ്റുമുട്ടലുകള്‍ക്കും വഴിവെച്ചിരുന്നു. അന്വേഷണസംഘം അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതിനെ തടഞ്ഞതും സൈനികനിയമ ആസൂത്രണ യോഗത്തില്‍ ചില മന്ത്രിസഭാ അംഗങ്ങളെ ഒഴിവാക്കിയതുമാണ് പ്രധാന കുറ്റങ്ങള്‍.

ഭരണഘടനയും നിയമവാഴ്ചയും കാത്തുസൂക്ഷിക്കേണ്ട പ്രസിഡന്റെന്ന നിലയിലിരിക്കെ യൂണ്‍ അതിനെ അവഗണിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ കുറ്റം അതീവ ഗുരുതരമാണെന്നും ജഡ്ജി വ്യക്തമാക്കി. ഔദ്യോഗിക രേഖകള്‍ വ്യാജമാക്കിയെന്ന കുറ്റത്തില്‍ തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടു. വിധിക്കെതിരെ ഏഴ് ദിവസത്തിനകം അപ്പീല്‍ നല്‍കാം.

അതേസമയം, സൈനികനിയമം പ്രഖ്യാപിച്ചതിലൂടെ ഭരണഘടനാ ക്രമവും ജനാധിപത്യവും ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് 'കലാപത്തിന്റെ മുഖ്യ ആസൂത്രകന്‍' എന്ന നിലയില്‍ യൂണിന് വധശിക്ഷ ആവശ്യപ്പെട്ട് മറ്റൊരു കേസും നിലനില്‍ക്കുന്നു. ഈ കേസിലെ വിധി ഫെബ്രുവരി 19ന് പ്രതീക്ഷിക്കുന്നു. ഉത്തരകൊറിയയ്ക്ക് മേല്‍ ഡ്രോണ്‍ പറത്താന്‍ ഉത്തരവിട്ടെന്നാരോപിച്ച് ശത്രുവിനെ സഹായിച്ചെന്ന കേസും യൂണിനെതിരെ തുടരുകയാണ്.