കോട്ടയം: മുന്നണി മാറ്റം എന്ന വിഷയം കേരള കോണ്‍ഗ്രസ് (എം)യുടെ അജണ്ടയില്‍ ഒരിക്കലും തുറക്കാത്ത അധ്യായമാണെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കി. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം മുന്നണി മാറ്റ ചര്‍ച്ചകള്‍ പൂര്‍ണമായി തള്ളി പറഞ്ഞത്.
മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന അജണ്ട മാത്രമാണ് മുന്നണി മാറ്റമെന്ന പ്രചാരണമെന്നും, പാര്‍ട്ടി ഒരിക്കലും ചര്‍ച്ച ചെയ്യാത്ത വിഷയമാണിതെന്നും ജോസ് കെ മാണി പറഞ്ഞു. 'ഇത് ഒരിക്കലും തുറക്കാത്ത ഒരു പുസ്തകമാണ്. എന്തിന് അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണം? ആരെങ്കിലും അത് തുറന്നിട്ടുണ്ടെങ്കില്‍ വായിച്ചിട്ട് അടച്ചോളൂ,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍, മുന്നണിയുടെ മേഖലാതല ജാഥകള്‍ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയാകുകയെന്നും മുന്നണി മാറ്റം അജണ്ടയില്‍ ഇല്ലെന്നും ജോസ് കെ മാണി ആവര്‍ത്തിച്ചു. മറ്റ് കാര്യങ്ങളെക്കുറിച്ച് യോഗത്തിന് ശേഷം വിശദീകരണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, പാര്‍ട്ടി നിലപാട് സുദൃഢമാണെന്നും മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. കെ.എം. മാണി പഠിപ്പിച്ച രാഷ്ട്രീയ വഴിയിലാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നതെന്നും, എല്‍ഡിഎഫിനൊപ്പം തുടരുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി മാറ്റം എന്ന വിഷയം കേരള കോണ്‍ഗ്രസ് (എം)യുടെ അജണ്ടയില്‍ ഒരിക്കലും തുറക്കാത്ത അധ്യായം-ജോസ് കെ മാണി
