തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിനും അവര്‍ക്ക് സമഗ്ര വിദ്യാഭ്യാസം നല്‍കുന്നതിനും പദ്ധതിയൊരുക്കി കേരള സര്‍ക്കാര്‍.
കുടിയേറ്റ തൊഴിലാളികളുടെ വാസസ്ഥലം സന്ദര്‍ശിച്ച് മുഴുവന്‍ കുട്ടികളുടെയും സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വാസസ്ഥലത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍, രക്ഷാകര്‍തൃ സമിതി ഭാരവാഹികള്‍ മുതലായവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. മെയ് 7ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയില്‍ അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്കായുള്ള സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ പ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനായി ആവിഷ്‌കരിച്ച റോഷ്‌നി പദ്ധതി, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നടപ്പിലാക്കിവരുന്ന സമാന പദ്ധതികള്‍ എന്നിവയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ എസ്.സി.ഇ. ആര്‍.ടി സമഗ്ര വിദ്യാഭ്യാസ പരിപാടി ഏപ്രില്‍ 30നകം തയ്യാറാക്കും. മെയ് ആദ്യവാരം പൊതുവിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, തൊഴില്‍, സാമൂഹ്യ നീതി, വനിത ശിശുക്ഷേമം, ആരോഗ്യം മുതലായ വകുപ്പുകളുടെ യോഗം വിളിച്ച് എസ്.സിഇആര്‍ ടി തയ്യാറാക്കിയ പ്രവര്‍ത്തനരൂപരേഖ അന്തിമമാക്കും.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്‌കൂള്‍ പ്രവേശനം സംബന്ധിച്ച രജിസ്റ്റര്‍ സൂക്ഷിക്കണം. ആറ് മാസത്തില്‍ ഒരിക്കല്‍ രജിസ്റ്റര്‍ പരിഷ്‌കരിക്കണം. അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ച ഡാറ്റ ഈ രജിസ്റ്ററില്‍ പ്രത്യേകം സൂക്ഷിക്കണം. സീസണല്‍ മൈഗ്രേഷന്റെ ഭാഗമായി ഓരോ പ്രദേശത്തും വന്ന് പോകുന്ന അതിഥി തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മാറിപ്പോകുന്ന പ്രദേശത്ത് രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി പഠനത്തുടര്‍ച്ച ഉറപ്പാക്കണം-മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആരോഗ്യ പരിശോധന സംവിധാനവും ആവശ്യമെങ്കില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കണം. ശുചിത്വം, ലഹരി ഉപയോഗം, ആരോഗ്യ ശീലങ്ങള്‍ മുതലായ കാര്യങ്ങളില്‍ ബോധവല്‍ക്കരണം നടത്തണം. വാര്‍ഡ് / തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ അവധി ദിവസങ്ങളില്‍ കലാകായിക, സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു ഇടങ്ങള്‍ സൃഷ്ടിച്ച് തദ്ദേശീയരായ കുട്ടികളുമായി ചേര്‍ന്ന് സാംസ്‌കാരിക വിനിമയത്തിന് അവസരമൊരുക്കണം. അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആധാര്‍ അധിഷ്ഠിത രജിസട്രേഷന്‍ നടത്താന്‍ പ്രത്യേക പോര്‍ട്ടലും മൊബൈല്‍ അപ്ലിക്കേഷനും വികസിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ കുട്ടികളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് സഹായകമായ മൊഡ്യൂളുകള്‍ കൂടി ചേര്‍ക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു..
കുടിയേറ്റ തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ബൃഹത്തായ പദ്ധതിയൊരുക്കി കേരളം
