ഡാവോസ്: ജനുവരി 19 മുതല്‍ 23 വരെ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ കേരളം തങ്ങളുടെ വ്യാവസായിക വികസനവും നിക്ഷേപക വിശ്വാസവും ആഗോള വേദിയില്‍ അവതരിപ്പിക്കുന്നു. രാജ്യത്ത് ഏറ്റവും മികച്ച ജീവിത നിലവാരം പുലര്‍ത്തുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളം മനുഷ്യ വികസന സൂചികയില്‍ (എച്ച് ഡി ഐ) സ്ഥിരമായി മുന്‍പന്തിയിലാണ്. ഇന്ത്യയിലെ മികച്ച ജീവിത സാഹചര്യം ആഗോള പ്രതിഭകളെയും മുതിര്‍ന്ന നേതൃത്വത്തെയും സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
മനുഷ്യ വികസന സൂചികയിലും സുസ്ഥിര വികസന ലക്ഷ്യങ്ങളിലും കേരളം മുന്നില്‍
2023-24ലെ നീതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യ ഇന്ത്യ ഇന്‍ഡക്സില്‍ 100ല്‍ 79 എന്ന സ്കോറോടെ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി. 0.758 എന്ന കേരളത്തിന്റെ മനുഷ്യ വികസന സൂചിക പല വികസിത രാജ്യങ്ങളുടേതിനും സമാനമാണ്. കൂടാതെ 95.34 എന്ന സ്കോറോടെ ഏറ്റവും ഉയര്‍ന്ന ഭൗതിക ജീവിത നിലവാര സൂചികയും കേരളത്തിനാണ്.
പരിസ്ഥിതി മികവ്: ബിസിനസുകള്‍ക്ക് നിര്‍ണായകമായ ശുദ്ധവായു
കേരളത്തിലെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 26 മാത്രമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ മെച്ചപ്പെട്ടതാണ്. ആരോഗ്യകരമായ ജോലി അന്തരീക്ഷം ഉറപ്പാക്കുന്നതിലൂടെ ജീവിത നിലവാരം ആഗോള കമ്പനികളുടെ മുതിര്‍ന്ന നേതൃത്വത്തിനും വിദേശപ്രവാസികള്ക്കും പ്രധാന ആകര്‍ഷണ ഘടകമായി മാറുന്നു.
മറ്റ് വ്യാവസായിക കേന്ദ്രങ്ങളെ അപേക്ഷിച്ച് മികച്ച വായു നിലവാരവും ശക്തമായ സാമൂഹിക അടിസ്ഥാന സൗകര്യങ്ങളും കേരളത്തെ മുന്‍നിര എക്സിക്യൂട്ടീവ് പ്രതിഭകളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും സഹായിക്കുന്നു.
സാമൂഹിക സ്ഥിരതയും കുറഞ്ഞ കുറ്റകൃത്യ നിരക്കും
ആരോഗ്യമുള്ളതും വിദ്യാഭ്യാസം നേടിയതുമായ സംതൃപ്ത ജനസംഖ്യയാണ് കേരളത്തിന്റെ ശക്തി. ഇതിലൂടെ ഉയര്‍ന്ന സാമൂഹിക സ്ഥിരതയും കുറഞ്ഞ കുറ്റകൃത്യ നിരക്കും നിലനില്ക്കുന്നു. ഇത് ബിസിനസിന് അനുകൂലമായ സ്ഥിരതയുള്ള അന്തരീക്ഷം ഉറപ്പാക്കുന്നു.
ഗ്രാമനഗര തുടര്‍ച്ച: കേരളത്തിന്റെ 'തുടര്‍ച്ചയായ നഗരം' മാതൃക
മറ്റ് സംസ്ഥാനങ്ങളില്‍ കാണുന്ന ഒരൊറ്റ വലിയ നഗര മാതൃകയ്ക്ക് പകരം കേരളം പല കേന്ദ്രങ്ങളുള്ള പട്ടണ ശൃംഖലയായാണ് നിലകൊള്ളുന്നത്. ഈ 'ഗ്രാമനഗര തുടര്‍ച്ച' മാതൃക ലോജിസ്റ്റിക്സിനും വികേന്ദ്രീകൃത വ്യാവസായിക വളര്‍ച്ചയ്ക്കും തന്ത്രപ്രധാനമായ ആനുകൂല്യം നല്കുന്നു.
സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഹൈസ്പീഡ് ഇന്റര്‍നെറ്റും 100 ശതമാനം ഡിജിറ്റല്‍ സാക്ഷരതയും
കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്വര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായി കുറഞ്ഞ ചെലവില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷനും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വീടുകള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഈ വിപുലമായ ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല, ഇ-ഗവേണന്‍സ്, വിദ്യാഭ്യാസം, ഡിജിറ്റല്‍ പ്രവേശനം എന്നിവ ശക്തിപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലേക്കും ലഭ്യമായ കെ ഫോണും 100 ശതമാനം ഡിജിറ്റല്‍ സാക്ഷരതയും ചേര്‍ന്ന് ആഗോള കമ്പനികള്‍ക്ക് ആവശ്യമായ ലോകോത്തര അടിസ്ഥാന സൗകര്യം കേരളത്തില്‍ ഉറപ്പാക്കുന്നു.
കാലാവസ്ഥാ സൗഹൃദ നഗരവല്‍ക്കരണത്തിന് പ്രാദേശിക ഭരണ മാതൃക
കേരള അര്‍ബന്‍ പോളിസി കമ്മീഷന് അടുത്തിടെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 'സിറ്റി കാബിനറ്റുകള്‍' രൂപീകരിക്കുന്നതിന് വഴി തുറക്കുന്നു. കാലാവസ്ഥാ സൗഹൃദ സോണിംഗും മെട്രോപൊളിറ്റന്‍ തലത്തിലുള്ള ഭരണ സംവിധാനവും ലക്ഷ്യമിടുന്ന ഈ നീക്കം ഇന്ത്യയിലെ സുസ്ഥിര നഗരവല്‍ക്കരണത്തിന് കേരളത്തെ ഒരു 'മാതൃകാ സംസ്ഥാനമായി' ഉയര്‍ത്തുന്നു.
2035ഓടെ കേരളത്തിലെ ജനസംഖ്യയുടെ 90 ശതമാനത്തിലധികം നഗരവല്‍ക്കരിച്ച ക്ലസ്റ്ററുകളില്‍ താമസിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ മുഴുവന്‍ ഭൂമിശാസ്ത്ര മേഖലയിലുടനീളം നിക്ഷേപകര്‍ക്ക് ഏകീകൃത വിപണിയും പ്രതിഭാ ലഭ്യതയും ഉറപ്പാക്കുന്നു.
വേഗത്തിലുള്ള നഗരവത്ക്കരണത്തോടൊപ്പം ഉണ്ടാകുന്ന കുടിയേറ്റവും ഗതാഗതക്കുരുക്കും ഒഴിവാക്കാനും വികേന്ദ്രീകൃത വികസനം സാധ്യമാക്കാനും ഈ മാതൃക സഹായിക്കും. ഇതുവഴി വ്യാവസായികവല്‍ക്കരണത്തിന്റെ നേട്ടങ്ങള്‍ എല്ലാ ജില്ലകളിലേക്കും എത്തും.
നിക്ഷേപകര്‍ക്ക് പ്രത്യേക ആനുകൂല്യം: 'സിറ്റി സെന്റര്‍' ഭൂവില പ്രീമിയം ആവശ്യമില്ല
നഗര നിലവാരത്തിലുള്ള കണക്റ്റിവിറ്റി, വൈദ്യുതി, ഹൈസ്പീഡ് ഇന്റര്‍നെറ്റ് എന്നിവയോടെ ഉപനഗരങ്ങളിലോ ഗ്രാമീണ മേഖലയിലോ തന്നെ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കേരളം നിക്ഷേപകര്‍ക്ക് അവസരം നല്കുന്നു. ഈ 'വിതരണാധിഷ്ഠിത സപ്ലൈ ചെയിന്‍' മാതൃക പ്രവര്‍ത്തന ചെലവ് കുറയ്ക്കുകയും സ്ഥിരതയുള്ള പ്രാദേശിക തൊഴിലാളി ശക്തിയെ ലഭ്യമാക്കുകയും ചെയ്യുന്നു.
