തിരുവനന്തപുരം: ഏകദേശം ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് ഇന്ന് അവസാനം. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിക്കും. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി 140 ഹാളുകളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഫലസൂചനകൾ രാവിലെ 9 മണിയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓരോ റൗണ്ട് പൂർത്തിയാക്കാൻ അരമണിക്കൂർ വരെ സമയമെടുക്കും.
രാവിലെ 8 മുതൽ തപാൽ വോട്ടുകളും 8.30 മുതൽ ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങും. സ്‌ട്രോംഗ് റൂമുകളിൽ നിന്ന് തപാൽ വോട്ടുകൾ ആദ്യം ഹാളുകളിൽ എത്തിച്ച് 50 വീതം കെട്ടുകളാക്കി എണ്ണും. വൈകിട്ട് 5 മണിയോടെ മുഴുവൻ ഫലവും പുറത്തുവന്ന് വിജയിച്ച സ്ഥാനാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാനാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.
2021ലെ തിരഞ്ഞെടുപ്പിൽ 140 സീറ്റുകളിൽ എൽഡിഎഫ് 99 സീറ്റുകളും യുഡിഎഫ് 41 സീറ്റുകളും നേടിയിരുന്നു. ഇത്തവണ സർവീസ് വോട്ടർമാരിൽ നിന്ന് ലഭിച്ച തപാൽ ബാലറ്റുകൾ 20,028 ആയി. ആകെ 53,984 സർവീസ് വോട്ടർമാരിൽ നിന്നുള്ള കണക്കാണിത്. ഇന്ന് രാവിലെ 8 മണിക്ക് മുൻപ് ലഭിക്കുന്ന തപാൽ ബാലറ്റുകളും വോട്ടെണ്ണലിൽ ഉൾപ്പെടുത്തും. പോളിങ് ശതമാനം 79.63ൽ നിന്ന് 79.70 ശതമാനമായി ഉയർന്നിട്ടുണ്ട്.
വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി 32,301 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ഇതിൽ 20 കമ്പനി കേന്ദ്രസേനയും ഉൾപ്പെടുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഐഎഎസ് ഉദ്യോഗസ്ഥരാണ് നിരീക്ഷകരായി പ്രവർത്തിക്കുന്നത്.
12 മുതൽ 14 വരെ ബൂത്തുകൾ ഉൾപ്പെടുന്ന റൗണ്ടുകളായാണ് വോട്ടെണ്ണൽ നടക്കുക. ഓരോ മേശയിലും ഇവിഎമ്മുകൾ എത്തിച്ച് ഉദ്യോഗസ്ഥർ, നിരീക്ഷകർ, സ്ഥാനാർഥികളുടെ ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഫലം പരിശോധിച്ച് രേഖപ്പെടുത്തും. ഓരോ റൗണ്ടിന്റെയും കണക്കുകൾ വരണാധികാരിയും നിരീക്ഷകനും പരിശോധിക്കും.
കൂടാതെ ഓരോ റൗണ്ടിലും രണ്ട് ഇവിഎമ്മുകൾ യാദൃശ്ചികമായി തിരഞ്ഞെടുത്ത് വീണ്ടും പരിശോധിക്കുന്ന സംവിധാനവും ഉണ്ടാകും. തെറ്റുകൾ കണ്ടെത്തിയാൽ അതേ മേശയിലെ മുഴുവൻ ഇവിഎമ്മുകളും പുനഃപരിശോധിക്കും. ആവശ്യമെങ്കിൽ ആ റൗണ്ടിലെ മുഴുവൻ കണക്കുകളും വീണ്ടും പരിശോധിക്കും.
ഫലം അന്തിമമായി രേഖപ്പെടുത്തുന്നതിന് മുമ്പ് ഡാറ്റ എൻട്രി നടത്തി തിരഞ്ഞെടുപ്പ് കമ്മിഷന്റെ എൻകോർ സംവിധാനത്തിൽ അപ്‌ലോഡ് ചെയ്യും. പരമാവധി 20 റൗണ്ടുകൾ വരെ വോട്ടെണ്ണൽ നീളാൻ സാധ്യതയുണ്ട്.
അവസാനഘട്ടത്തിൽ ഓരോ മണ്ഡലത്തിലെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 5 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളും പൂർണമായി എണ്ണും. ഇതിനായി ഏകദേശം ഒരു മണിക്കൂർ വേണ്ടിവരും. ഇവിഎം കണക്കുകളും ഫോം 17സി വിവരങ്ങളും തമ്മിൽ പൊരുത്തക്കേട് ഉണ്ടെങ്കിൽ അതിനുള്ള വിവിപാറ്റുകളും എണ്ണേണ്ടിവരും.
നിയമസഭാ വോട്ടെണ്ണൽ ഇന്ന്; രാവിലെ 8 ന് തുടങ്ങും, പൂർണ ഫലം വൈകിട്ട്
