തിരുവനന്തപുരം: ആശ വർക്കർമാരുടെ വേതനം 3000 രൂപ വർദ്ധിപ്പിച്ചതിനെ പരിഹസിച്ച് മുൻ മന്ത്രി കെ.എൻ.ബാലഗോപാൽ. മല എലിയെ പ്രസവിച്ചതുപോലെയാണ് പുതിയ സർക്കാരിന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സർക്കാർ കഴിഞ്ഞ ആറ് മാസത്തിനിടയിൽ 2000 രൂപയുടെ വർദ്ധനവ് ആശമാരുടെ വേതനത്തിൽ വരുത്തിയിട്ടുണ്ട്.
ആശ പ്രവർത്തകരുടെ ഓണറേറിയം 21000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും വിരമിക്കൽ ആനുകുല്യമായി 5 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുമ്പിൽ മാസങ്ങളോളം സമരം നടത്തിയത്. തങ്ങൾ അധികാരത്തിലെത്തിയാൽ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശമാരുടെ ആവശ്യങ്ങൾ നടപ്പാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഒന്നാം പിണറായി സർക്കാർ ചുമതലയേൽക്കുമ്പോൾ 1000 രൂപയായിരുന്ന ആശമാരുടെ ഓണറേറിയം രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ 9000 രൂപയാക്കി. 8000 രൂപയുടെ വർദ്ധനവാണ് ഈ കാലയളവിലുണ്ടായത്. വി.എസ്.അച്യുതാനന്ദൻ സർക്കാർ ചുമതലയൊഴിയുമ്പോൾ 500 രൂപയായിരുന്ന ഓണറേറിയം വർദ്ധിപ്പിക്കാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന സമരം കേരളം മറന്നിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെ.എൻ.ബാലഗോപാൽ ചൂണ്ടിക്കാട്ടി.
മല എലിയെ പ്രസവിച്ചത് പോലെ; ആശ വർക്കർമാരുടെ വേതന വർദ്ധനവിനെ പരിഹസിച്ച് ബാലഗോപാൽ
