കുവൈത്ത് തീപിടിത്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം കൈമാറി

കുവൈത്ത് തീപിടിത്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം കൈമാറി


തിരുവനന്തപുരം: കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ധനസഹായം കൈമാറി. അപകടത്തില്‍ മരിച്ച പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികളായ 12 പേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം മന്ത്രിമാര്‍ വീടുകളിലെത്തി കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം.എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫന്‍ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുള്‍പ്പെടെ ആകെ 14 ലക്ഷം രൂപയാണ് നോര്‍ക്ക മുഖേന ഓരോ കുടുംബത്തിനും ധനസഹായമായി നല്‍കിയത്.

പത്തനംതിട്ടയില്‍ ആകാശ് ശശിധരന്‍ നായര്‍ , തോമസ് സി   ഉമ്മന്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും, കോട്ടയത്ത് സ്റ്റെഫിന്‍ എബ്രഹാം സാബു, ശ്രീഹരി പ്രദീപ് നായര്‍, ഷിബു വര്‍ഗീസ് എന്നിവരുടെ ആശ്രിതര്‍ക്ക്  സഹകരണ മന്ത്രി വി എന്‍ വാസവനും മലപ്പുറത്ത് നൂഹ് കുപ്പന്റെ പുരക്കല്‍, ബാഹുലേയന്‍ മരക്കടത്ത് പറമ്പില്‍ എന്നിവരുടെ കുടുബംങ്ങള്‍ക്കുളള ധനസഹായം കായികം, വഖഫ് കാര്യ മന്ത്രി വി അബ്ദുറഹിമാനും കണ്ണൂര്‍ കാസര്‍ഗോട് സ്വദേശികളായ വിശ്വാസ് കൃഷ്ണന്‍, അനീഷ് കുമാര്‍ , നിതിന്‍ കൂത്തൂര്‍, കേളു പൊന്‍മലേരി, റെങ്കിത്ത് കുണ്ടടുക്കം എന്നിവരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമാണ് കുടുംബാംഗങ്ങള്‍ക്ക് അവരുടെ വീടുകളിലെത്തി കൈമാറിയത്.