തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധ വിമാനം 39 ദിവസത്തിനുശേഷം തകരാര്‍ പരിഹരിച്ച് തിരികെ പറന്നു

തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധ വിമാനം 39 ദിവസത്തിനുശേഷം തകരാര്‍ പരിഹരിച്ച് തിരികെ പറന്നു


തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ എഫ്35ബി യുദ്ധവിമാനം 39 ദിവസത്തിനുശേഷം രാജ്യം വിട്ടു. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച പരീക്ഷണ പറക്കല്‍ നടത്തി പ്രവര്‍ത്തന ക്ഷമത ബോധ്യപ്പെട്ടതോടെയാണ് വിമാനം യു കെയിലേക്ക് പറന്നത്. 

തിരുവനന്തപുരത്ത് നിന്ന് നേരെ ഓസ്‌ട്രേലിയയിലേക്കാണ് പോവുക. അവിടെനിന്ന് പിന്നീട് യു കെയിലേക്ക് പോകും.

ചൊവ്വാഴ്ച്ച രാവിലെ 10.45ഓടെയായിരുന്ന വിമാനം പറന്നുയര്‍ന്നത്. ഓസ്‌ട്രേലിയയിലെ ഡാര്‍വിന്‍ വിമാനത്താവളത്തിലേക്കാണ് വിമാനം പോയതെന്ന് വിമാനത്താവള അധിക്യതര്‍ പറഞ്ഞു. രാവിലെ 9.30 ഓടെ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന്റെ അനുമതിയും ലഭ്യമാക്കിയ ശേഷമായിരുന്നു വിമാനത്തിന്റെ ടേക്ക് ഓഫ്.
തിരുവന്തപുരത്ത് ബ്രീട്ടീഷ് യുദ്ധ വിമാനം ആഴ്ചകളോളം കുടുങ്ങിയതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ട്രോളുകള്‍ വന്നിരുന്നു. അതില്‍ ശ്രദ്ധേയമായ ഒന്ന് കേരള ടൂറിസം വകുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെടുത്തുന്ന പരസ്യമായിരുന്നു. കേരളത്തില്‍ വന്നാല്‍ പോകാന്‍ തോന്നില്ല എന്നതായിരുന്നു അതിലെ പരസ്യവാചകം.