കൊച്ചി: സിറോ മലബാര്‍ സഭാംഗവും ചങ്ങനാശേരി അതിരൂപതയില്‍നിന്നുള്ള മോണ്‍സിഞ്ഞോറുമായ ജോര്‍ജ് കൂവക്കാടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി.
വത്തിക്കാനില്‍ നടന്ന ചടങ്ങിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം. വത്തിക്കാന്‍ പൊതുകാര്യങ്ങള്‍ക്കു വേണ്ടിയുള്ള വിഭാഗത്തിലാണ് നിയമനം.
മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 20 പുതിയ കര്‍ദിനാള്‍മാരെ മാര്‍പാപ്പ പ്രഖ്യാപിച്ചു.
ചങ്ങനാശ്ശേരി മാമ്മൂട്ട് ലൂര്‍ദ് പള്ളി ഇടവകാംഗമാണ് മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ കൂവക്കാട്. കൂവക്കാട്ട് ജേക്കബ് വര്‍ഗ്ഗീസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഡിസംബര്‍ എട്ടിനാണ് സ്ഥാനാരോഹണം നടക്കുക.
2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം മാര്‍പാപ്പയുടെ യാത്രകളില്‍ ഉള്‍പ്പെടെ അനുഗമിക്കുന്ന ഔദ്യോഗിക സംഘത്തിലെ അംഗമാണ്.
അള്‍ജീരിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാന്‍, കോസ്റ്ററിക്ക തുടങ്ങിയ രാജ്യങ്ങളില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യേച്ചറിന്റെ സെക്രട്ടറിയായിരുന്നു. വെനസ്വേലയിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയ സെക്രട്ടറിയായിരിക്കെയാണ് മോണ്‍. ജോര്‍ജ്ജ് കൂവക്കാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തിന്റെ പൊതുകാര്യങ്ങള്‍ക്കു വേണ്ടിയുള്ള വിഭാഗത്തില്‍ നിയമിച്ചത്.