വീണ്ടും ട്വിസ്റ്റ്; ബ്രൂണയിൽ കണ്ടത് സുകുമാരക്കുറുപ്പിൻ്റേതല്ല, പുറത്തുവന്ന ചിത്രം ദാമോദരന്‍ മേനോന്‍റേത്, നേരറിയാൻ ക്രൈം ബ്രാഞ്ചും

വീണ്ടും ട്വിസ്റ്റ്; ബ്രൂണയിൽ കണ്ടത് സുകുമാരക്കുറുപ്പിൻ്റേതല്ല, പുറത്തുവന്ന ചിത്രം ദാമോദരന്‍ മേനോന്‍റേത്, നേരറിയാൻ ക്രൈം ബ്രാഞ്ചും


കാണാമറയത്ത് ജീവനോടെയുണ്ടോ എന്നു തന്നെ ഉറപ്പില്ലാത്ത സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന വെളിപ്പെടുത്തലും എന്നാല്‍ അത് സുകുമാരക്കുറുപ്പല്ലെന്ന മറ്റൊരു വെളിപ്പെടുത്തലും പുറത്തുവന്നതോടെ ചര്‍ച്ചകളില്‍ പിന്നെയും നിറയുകയാണ് കൊടും കുറ്റവാളിയായ സുകുമാരക്കുറുപ്പ്. സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവനോടെയുണ്ടെന്നും നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുകയാണെന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അലി അക്ബറിൻ്റേയും ബ്രൂണെയില്‍ താമസിച്ചിരുന്ന വിദേശ മലയാളിയുടെ വെളിപ്പെടുത്തലുമാണ് പുതിയ ഊഹാപോഹങ്ങള്‍ക്ക് വഴി വച്ചിരിക്കുന്നത്.

സുകുമാരക്കുറുപ്പ് മരിച്ചെന്ന് ചൂണ്ടിക്കാട്ടി കേസ് ക്ലോസ് ചെയ്യുന്നതിനുള്ള റിപ്പോർട്ട് സമർപ്പിക്കാനിരിക്കേയാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നത്. അതുകൊണ്ടു തന്നെ പുതിയ വിവാ​ദത്തിൽ ​ഗൂഡ‍ാലോചനയുണ്ടോയെന്ന സംശയത്തിലാണ് പോലീസ്. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സുകുമാര കുറുപ്പിനെ കുറിച്ചുള്ള തുടരന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ നിലവിലെ ക്രൈംബ്രാഞ്ച് സംഘം തന്നെയാകും പുതിയ വ്യാജ പ്രചാരണത്തിലെ ഗൂഢാലോചനയും അന്വേഷിക്കുക. 

സംഭവത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണെന്നും ക്രൈം ബ്രാഞ്ച് എഡിജിപിയോട് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് മാധ്യമങ്ങളോടു പറഞ്ഞു. വയലാര്‍ രവി ആഭ്യന്തരമന്ത്രിയായിരിക്കുന്ന കാലത്തെ സംഭവമാണിതെന്നും പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം സുകുമാരക്കുറുപ്പിൻ്റേതെന്ന തരത്തില്‍ പുറത്തുവന്ന പാസ്‌പോര്‍ട്ടിലെ ചിത്രങ്ങളും വിവരങ്ങളും അദ്ദേഹത്തിൻ്റേതല്ലെന്നും തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ദാമോദരമേനോൻ്റേതാണെന്നും സ്ഥിരീകരിച്ച് അദ്ദേഹത്തിൻ്റെ ബന്ധുക്കള്‍ രംഗത്ത്‌ എത്തിയതോടെ അദ്ദേഹത്തെ കണ്ടെന്ന കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തല്‍ സംശയ നിഴലിലായി. പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോൻ്റേതാണെന്ന് പൊലീസ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ദാമോദര മേനോൻ മലേഷ്യയിൽ സ്ഥിര താമസമെന്നും പൊലീസ് വൃക്തമാക്കി. ദാമോദര മേനോൻ്റെ കുടുംബാംഗങ്ങൾ ഫോട്ടോ തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിക്കുന്നുണ്ടെന്ന തരത്തിൽ വലിയ വാർത്തകൾ പ്രചരിച്ചത്. ചില മാധ്യമങ്ങൾ ഇത് വാർത്തയായി നൽകുകയും ചെയ്‌തു. സുകുമാരക്കുറുപ്പിൻ്റേതെന്ന രീതിയിൽ ഇവർ ചില ചിത്രങ്ങളും പുറത്തുവിട്ടു. എന്നാൽ മണിക്കൂറുകൾക്ക് അപ്പുറം വാർത്തയ്ക്ക് നിലനിൽപ്പുണ്ടായില്ല. ജോണ്‍ മേനോന്‍ എന്ന പേരില്‍ ബ്രൂണെയില്‍ കഴിയുന്നത് സുകുമാരക്കുറുപ്പാണെന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അലി അക്ബറിൻ്റെ അവകാശവാദവും ദാമോദരമേനോൻ്റെ കുടുംബം തള്ളി.

40 വർഷങ്ങൾ മുൻപാണ് ദാമോദരമേനോൻ പഠനം പൂർത്തിയാക്കി ജോലിയുമായി ബന്ധപ്പെട്ട് മലേഷ്യയിലേക്ക് പോയത്. ഇപ്പോൾ കുടുംബവും കുട്ടികളുമായി വർഷങ്ങളായി മലേഷ്യയിലാണ് താമസം. ഈ വർഷങ്ങൾക്കിടയിൽ തൃശൂരിലുള്ള കുടുംബവുമായി പലപ്പോഴും ദാമോദരൻ ബന്ധപ്പെട്ടുണ്ട്. വര്‍ഷങ്ങളായി മലേഷ്യയില്‍ പ്രവാസിയായി കഴിയുന്ന ദാമോദര മേനോന്‍ അവസാനമായി നാട്ടിലെത്തിയത് 30 വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഒരു മാസം മുന്‍പ് ഇദ്ദേഹം തങ്ങളോട് ഫോണില്‍ സംസാരിച്ചിരുന്നതായും ആരോഗ്യനില മോശമായ ദാമോദര മേനോന്‍ വീണു പരിക്കേറ്റ് കിടപ്പിലാണെന്നും കട്ടിലില്‍ പിടിച്ചാണ് എഴുന്നേറ്റു നില്‍ക്കുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.