നക്ഷത്രങ്ങളൊന്നും മിന്നിത്തിളങ്ങുന്നില്ല; വഴങ്ങുന്ന നടിമാര്‍ക്ക് പ്രത്യേക കോഡെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

നക്ഷത്രങ്ങളൊന്നും മിന്നിത്തിളങ്ങുന്നില്ല; വഴങ്ങുന്ന നടിമാര്‍ക്ക് പ്രത്യേക കോഡെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്


തിരുവനന്തപുരം: ആകാശം നിറയം നിഗൂഢതയാണ്; മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും മനോഹരമായ ചന്ദ്രനും. പക്ഷേ, ശാസ്ത്രീയ ഗവേഷണം കണ്ടെത്തിയത് നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നില്ലെന്നും ചന്ദ്രന്‍ കാണുന്നതുപോലെ സുന്ദരമല്ലെന്നുമാണ്. അതുകൊണ്ടുതന്നെ പഠനം മുന്നറിയിപ്പ് നല്‍കുന്നു: നിങ്ങള്‍ കാണുന്നതിനെ വിശ്വസിക്കരുത്, ഉപ്പ് കാണുമ്പോള്‍ പഞ്ചസാരയാണെന്ന് തോന്നിയേക്കും. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആരംഭിക്കുന്ന വാചകങ്ങളാണിത്. 

ഒരു പ്രധാന നടന്‍ മാഫിയ പോലെ സിനിമ മേഖലയില്‍ നിലനില്‍ക്കുന്നുണ്ടെന്നും സംവിധായകരും നിര്‍മ്മാതാക്കളും മറ്റ് സാങ്കേതിക പ്രവര്‍ത്തകരും നടിമാരെ ചൂഷണത്തിനിരയാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മലയാള സിനിമ മേഖലയില്‍ ചൂഷണം നടത്തിയവരില്‍ പ്രമുഖ നടന്മാരും ഉന്നതരും ഉള്‍പ്പെടുന്നുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമ മേഖലയില്‍ അടിമുടി സ്ത്രീവിരുദ്ധതയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

43 പേരാണ് കമ്മിറ്റിക്ക് മൊഴി നല്‍കിയത്. സാംസ്‌ക്കാരിക വകുപ്പിലെ വിവരാവകാശ ഓഫീസറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

ക്രിമിനലുകള്‍ സിനിമാലോകം നിയന്ത്രിക്കുന്നുവെന്നും അവസരം ലഭിക്കാന്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുന്നുവെന്ന മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. വഴിവിട്ട കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നത് പതിവാണ്. സഹകരിക്കുന്ന നടിമാര്‍ പ്രത്യേക കോഡ് പേരുകളിലാണ് സിനിമാ മേഖലയില്‍ അറിയപ്പെടുന്നത്. സഹകരിക്കാത്തവരെ പ്രശ്‌നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കാറുണ്ട്. നടിമാര്‍ക്ക് പുറമെ അവരുടെ ബന്ധുക്കള്‍ക്ക് പോലും വഴങ്ങേണ്ട സ്ഥിതിയുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമുണ്ട്.

വഴങ്ങാത്ത നടിമാര്‍ക്കെതിരെ പ്രതികാര നടപടി സ്ഥിരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ അഭിനയിക്കുമ്പോള്‍ അനാവശ്യമായി റിപ്പീറ്റ് ഷോട്ട് എടുക്കാറുണ്ട്. അവസരങ്ങള്‍ ഇല്ലാതാക്കി സിനിമാ മേഖലയില്‍നിന്ന് പുറത്താക്കാനുള്ള ശ്രമവും ഉണ്ട്. പരാതിപ്പെട്ടാല്‍ സമൂഹമാധ്യമത്തിലൂടെ അപമാനിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ഡബ്ല്യുസിസിയില്‍ അംഗത്വം എടുത്തതിന് തൊഴില്‍ നിഷേധിച്ചതായും ഒരു നടി മൊഴി നല്‍കിയിട്ടുണ്ട്.

സിനിമാ മേഖലയില്‍ നടിമാര്‍ നേരിടുന്നത് സമാനതകളില്ലാത്ത പീഡനവും അവഗണനയും. അവസരം ലഭിക്കണമെങ്കില്‍ വഴങ്ങേണ്ട അവസ്ഥയാണെന്ന് നടിമാര്‍ നല്‍കിയ മൊഴി റിപ്പോര്‍ട്ടിലുണ്ട്. നടിമാര്‍ താമസിക്കുന്ന ഹോട്ടല്‍ മുറി തുറക്കാന്‍ വിസമ്മതിച്ചാല്‍ ബലം പ്രയോഗിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും മൊഴിയുണ്ട്.

ഹൈക്കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് കെ ഹേമയ്ക്ക് പുറമേ ചലച്ചിത്ര താരം ടി ശാരദ, കേരള സര്‍ക്കാര്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ബി വത്സല കുമാരി എന്നിവരായിരുന്നു കമ്മിറ്റിയിലുണ്ടായിരുന്നത്.