പൈലറ്റ് യാത്രാമധ്യേ കുഴഞ്ഞുവീണു മരിച്ചു; വിമാനം ന്യൂയോര്‍ക്കില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി

പൈലറ്റ് യാത്രാമധ്യേ കുഴഞ്ഞുവീണു മരിച്ചു; വിമാനം ന്യൂയോര്‍ക്കില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി


ന്യൂയോര്‍ക്ക്: വിമാനം പറപ്പിക്കുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണുമരിച്ചു. സഹ പൈലറ്റുമാര്‍ ചേര്‍ന്ന് വിമാനം അടിയന്തരമായി താഴെയിറക്കി. ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റാണ് യാത്രാമധ്യേ വിമാനത്തില്‍ കുഴഞ്ഞുവീണു മരിച്ചത്. തുടര്‍ന്ന് വിമാനം ന്യൂയോര്‍ക്കില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. അമേരിക്കയിലെ സിയാറ്റിലില്‍ നിന്ന് തുര്‍ക്കിയിലെ ഇസ്താംബൂളിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലെ പൈലറ്റ് ഇല്‍സെഹിന്‍ പെഹ്ലിവാന്‍ (59) ആണ് യാത്രാമധ്യേ മരിച്ചത്.

യാത്രാമധ്യേ ബോധരഹിതനായി വീണ പൈലറ്റിന് ഉടന്‍ തന്നെ വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വിമാനത്തിലെ മറ്റൊരു പൈലറ്റും സഹ പൈലറ്റും ചേര്‍ന്ന് ന്യൂയോര്‍ക്കില്‍ വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. അതിനു മുമ്പ് തന്നെ പൈലറ്റ് മരിച്ചിരുന്നു. 2007 മുതല്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സിലെ പൈലറ്റായിരുന്നു ഇല്‍സെഹിന്‍ പെഹ്ലിവാന്‍. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

ഈ വര്‍ഷം മാര്‍ച്ചില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരമുള്ള ഏവിയേഷന്‍ മെഡിക്കല്‍ സെന്ററില്‍ നടത്തിയ പതിവ് മെഡിക്കല്‍ പരിശോധനയില്‍ അദ്ദേഹം വിജയിച്ചിരുന്നതായി എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.