മില്‍ട്ടണ്‍ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു; ഭീതിയോടെ ഫ്‌ളോറിഡ; ലക്ഷങ്ങള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു

മില്‍ട്ടണ്‍ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു; ഭീതിയോടെ ഫ്‌ളോറിഡ; ലക്ഷങ്ങള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു


ഫ്ളോറിഡ: അമേരിക്ക ആശങ്കയോടെ പ്രതീക്ഷിച്ചിരുന്ന മില്‍ട്ടണ്‍ ചുഴലിക്കൊടുങ്കാറ്റ് ഫ്‌ളോറിഡയിലെ സരസോട്ടയ്ക്കു സമീപം സിയസ്റ്റ കീയില്‍  കരതൊട്ടു. കാറ്റഗറി 3 വിഭാഗത്തിലുള്ള ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരം 8:30 ഓടെയാണ് കരതൊട്ടത്. കാറ്റിനൊപ്പം ഗള്‍ഫ്തീരത്ത് കനത്ത മഴയും പെയ്യുന്നുണ്ട്. പെനിന്‍സുലയുടെ ഭൂരിഭാഗവും കനത്ത പ്രഹരശേഷിയുള്ള ചുഴലിക്കാറ്റ് വീശിയടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

റ്റാംപാ ബേയുടെ തെക്കന്‍ പ്രദേശത്താണ് ചുഴലിക്കാറ്റ് എത്തിയിരിക്കുന്നത്. വളരെയധികം ജനസംഖ്യയുള്ളതും ദുര്‍ബലവുമായ പ്രദേശത്തെ വെള്ളത്തിനിടയിലാഴ്ത്താന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 120 മൈല്‍ വേഗതയിലാണ് റ്റാംപാ ഉള്‍ക്കടലിലും ഗള്‍ഫ് തീരത്തിന്റെ ഭൂരിഭാഗവും ശക്തമായ കാറ്റ് വീശിയടിക്കുന്നത്.

മുന്‍കരുതലെന്ന നിലയില്‍ പതിനായിരക്കണക്കിന് ആളുകളെ ഇവിടെനിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിച്ചിരുന്നു. സെന്‍ട്രല്‍ ഫ്ളോറിഡ പ്രദേശത്ത് ബുധനാഴ്ച രാത്രി നിരവധി മിന്നല്‍ പ്രളയ മുന്നറിയിപ്പുകളും നല്‍കി. ഫോര്‍ട്ട് മിയേഴ്‌സ്, ഫോര്‍ട്ട് പിയേഴ്‌സ്, പാം ബീച്ച് ഗാര്‍ഡന്‍സ്, സെന്റ് ലൂസി കൗണ്ടി, കൂടാതെ തെക്ക് ബ്രോവാര്‍ഡ് കൗണ്ടി വരെ പോലും ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ തെക്കേ അറ്റത്ത് നാശം വിതച്ചു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉച്ചയ്ക്കും വൈകിട്ട് ആറിനും ഇടയില്‍ നൂറോളം ടൊര്‍ണാഡോ മുന്നറിയിപ്പുകള്‍ നല്‍കി.

ശക്തമായ ചുഴലിക്കാറ്റ് കരയിലേക്ക് നീങ്ങിയപ്പോള്‍, ടാംപയിലും നേപ്പിള്‍സിനടുത്തും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ചുഴലിക്കാറ്റ് കടന്നുപോകുന്ന മേഖലകളിലെല്ലാം മൂന്ന് ഇഞ്ചിലധികം മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.

രാത്രി 8 മണിയോടെ ഏതാണ്ട് അഞ്ചുലക്ഷത്തോളം ആളുകള്‍ക്ക് വൈദ്യുതിയില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, കൂടുതലും പിനെലസ്, ഹില്‍സ്ബറോ കൗണ്ടികളിലാണ്. അടുത്ത മണിക്കൂറുകളില്‍ ജനജീവിതം കൂടുതല്‍ ദുരിതത്തിലാകുന്നതിന് മില്‍ട്ടണ്‍ കാരണമായേക്കുമെന്ന ആശങ്കയുണ്ട്.