തിരുവനന്തപുരം: കേരളത്തില്‍ ആര്‍ എസ് എസുമായി ബന്ധമുള്ളത് സി പി എമ്മിനല്ലെന്നും കോണ്‍ഗ്രസിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സി പി എമ്മിന് ആര്‍ എസ് എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സി പി എം കോവളം ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദങ്ങളില്‍ മാധ്യമങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. എ ഡി ജി പിയും ആര്‍ എസ് എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചു.
ബാബ്‌റി മസ്ജിദ്, തലശ്ശേരി കലാപം, കെ പി സി സി പ്രസിഡന്റ് ആര്‍ എസ് എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്ന് പറഞ്ഞതുമടക്കം മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
സി പി എമ്മിന് കെട്ട ചരിത്രമില്ലെന്നും ആര്‍ എസ് എസിനോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ ഇനിയും വെള്ളം ചേര്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രണ്ടാം പിണറായി സര്‍ക്കാര്‍ വന്നത് മുതല്‍ മാധ്യമങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളാണ് നല്‍കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇപ്പോള്‍ കേരളത്തില്‍ വലിയ പ്രചാരണം നടത്തുന്നത് സി പി എം- ആര്‍ എസ് എസ് ബന്ധമാരോപിച്ചാണ്. ആര്‍ എസ് എസിനെ നേരിട്ട് ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സി പി എം. ആ പാര്‍ട്ടിയെ നോക്കിയാണ് ആര്‍ എസ് എസ് ബന്ധം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എടക്കാട്, തോട്ടട മേഖലകളില്‍ ആര്‍ എസ് എസ് ശാഖ തകര്‍ക്കാന്‍ സി പി എം ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ കാവല്‍ നിന്നുവെന്നാണ് കെ പി സി സി പ്രസിഡന്റ് പരസ്യമായി പറഞ്ഞതെന്നും ആര്‍ക്കാണ് അപ്പോള്‍ ആര്‍ എസ് എസ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.
തലശ്ശേരി കലാപ കാലത്ത് പള്ളിക്ക് സംരക്ഷണം നല്‍കിയത് സി പി എമ്മാണ്. അന്ന് ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സി പി എം.
ഗോള്‍വാക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ വണങ്ങി നിന്നത് ആരാണ് എന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധിയെ ആര്‍ എസ് എസ് നേതാവ് രണ്ടാം കര്‍സേവകന്‍ എന്ന് വിളിച്ചിരുന്നുവെന്നും ബാബ്‌റി മസ്ജിദ് കാലത്ത് അധികാരത്തിലിരുന്ന സര്‍ക്കാര്‍ ആരായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.