പി പി മുകുന്ദന്‍ പ്രഥമസേവാ പുരസ്‌കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക്

പി പി മുകുന്ദന്‍ പ്രഥമസേവാ പുരസ്‌കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക്


കോഴിക്കോട്: ബി ജെ പി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി പി മുകുന്ദന്റെ പേരില്‍ മികച്ച സേവന പ്രവര്‍ത്തകര്‍ക്കുള്ള പ്രഥമ സേവാപുരസ്‌കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക്.  

പി പി മുകുന്ദന്റെ ഓര്‍മ്മകള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു നടത്തുന്ന വന്ദേമുകുന്ദം പരിപാടിയില്‍ ഉദ്ഘാടകനായ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള അവാര്‍ഡ് സമ്മാനിക്കും. കാല്‍ ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 13ന് രാവിലെ 11ന് കല്ലായി റോഡിലുള്ള സ്നേഹാഞ്ജലി ഓാഡിറ്റോറിയത്തിലാണ് വന്ദേമുകുന്ദം. പി പി മുകുന്ദന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി. 

രാഷ്ട്രീയ സാമൂഹിക സേവനരംഗത്ത് രാഷ്ട്രീയത്തിനതീതമായ സേവനം കാഴ്ചവച്ചതിനാലാണ് സുരേഷ് ഗോപിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് പി പി മുകുന്ദന്‍ അനുസ്മരണ സമിതി കണ്‍വീനര്‍ അഡ്വ. കെ വി സുധീര്‍, പ്രൊഫ. സുമതി ഹരിദാസ്, ടി അനൂപ് കുമാര്‍, പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.