കോഴിക്കോട്: മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനൊടുവിൽ യുവാവ് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. കോഴിക്കോട് കൊടുവള്ളി വലിയപറമ്പ് താന്നിരിക്കംപൊയിൽ പ്രസാദാണ് (50) കൊല്ലപ്പെട്ടത്. സഹോദരൻ പ്രമോദിനെ (54) പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം.
സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. അവിവാഹിതരായ ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനായ പ്രസാദും മരപ്പണിക്കാരനായ പ്രമോദും തമ്മിൽ സ്വത്തു സംബന്ധിച്ച് ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് ഇവർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാത്രി മദ്യപാനത്തെത്തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുടുംബത്തിൽ നാല് മക്കളാണുള്ളത്. ഇതിൽ മൂന്ന് ആൺമക്കളും അവിവാഹിതരാണ്. ഇവരുടെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുൻപേ മരിച്ചു. ഏക സഹോദരി കൊടുവള്ളി കരുവൻപൊയിലിലും മറ്റൊരു സഹോദരൻ നരിക്കുനി അത്താണിയിലുമാണ് താമസിക്കുന്നത്.
സ്വത്തു തർക്കം: മദ്യലഹരിയിൽ സഹോദരനെ വെട്ടിക്കൊന്നു, യുവാവ് പിടിയിൽ
