കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് ഹൈക്കോടതില്‍ നിന്ന് തിരിച്ചടി. സംഭവത്തില്‍ പുനരന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് ഹൈക്കോടതി വിലയിരുത്തി. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി.
ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദവും ഹൈക്കോടതി തള്ളി.
അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മജിസ്‌ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികള്‍ പരിഗണിക്കാതെയെന്ന വാദത്തില്‍ ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു.
ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നു പറഞ്ഞായിരുന്നു മന്ത്രി സജി ചെറിയാന്‍ 2022 ല്‍ വിവാദ പ്രസംഗം നടത്തിയത്.ഭരണഘടനയെ അവഹേളിച്ചു കൊണ്ട് അന്ന് മന്ത്രി നടത്തിയ പ്രസംഗത്തില്‍ സജി ചെറിയാനെ അനുകൂലിച്ചായിരുന്നു പോലീസിന്റെ റഫര്‍ റിപ്പോര്‍ട്ട്.
അതേ സമയം ഹൈക്കോടതി വിധിയില്‍ മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. കോടതി തന്റെ ഭാഗം കേള്‍ക്കാതൊണ് വിധി പുറപ്പെടുവിച്ചത്. നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കും. കോടതി അന്വേഷിക്കാന്‍ പറഞ്ഞ ഭാഗം അന്വേഷിക്കട്ടെ. ധാര്‍മ്മികമായ കാര്യങ്ങള്‍ കൊണ്ടാണ് അന്ന് രാജി വെച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് വീണ്ടും മന്ത്രി ആയതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി
ഇപ്പോള്‍ താന്‍ ഇതിലെ ഒരു കക്ഷിയായിട്ടില്ല. പൊലീസ് അന്വേഷണത്തില്‍ കൊടുത്ത റിപ്പോര്‍ട്ടും അതിന്റെ ഭാഗമായി തിരുവല്ല കോടതി എടുത്തിട്ടുള്ള തീരുമാനവുമാണ് കോടതി പരിശോധിച്ചിരിക്കുന്നത്. സ്വാഭാവികമായും താനുമായി ബന്ധപ്പെട്ട പ്രശ്‌നമെന്നനിലയില്‍ നീതിയുടെ ഭാഗം കൂടി കോടതി കേള്‍ക്കേണ്ടതായിരുന്നു മന്ത്രി വ്യക്തമാക്കി.
പ്രസംഗത്തിന്റെ മറ്റ് ഉളളടക്കത്തിലേക്ക് കോടതി ഇതുവരെ വന്നിട്ടില്ല. മല്ലപ്പള്ളിയിലെ പ്രസംഗത്തില്‍ ഒരു ഒരു കോടതി ശരിയെന്നും മറ്റൊരു കോടതി തെറ്റെന്നും പറഞ്ഞു. ഇനി അതിന് മുകളിലും കോടതി ഉണ്ട്. ഉത്തരവ് പഠിച്ച് പരിശോധിച്ച് നിയമനടപടിയുമായി മേല്‍ക്കോടതിയില്‍ പോകും. പ്രസംഗത്തിന്റെ വിഷയത്തിലേക്ക് വന്നാല്‍ മാത്രമാണ് താന്‍ കക്ഷിയാകുക. ഇപ്പോള്‍ അന്വേഷണത്തെ കുറിച്ചാണ് ചര്‍ച്ച വന്നിരിക്കുന്നത്. എന്റെ ഭാഗം കോടതി കേള്‍ക്കാത്തത്തില്‍ തെറ്റില്ല. കോടതി പറഞ്ഞകാര്യങ്ങള്‍ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. എനിക്ക് നിയമപരമായ നടപടി സ്വീകരിക്കാന്‍ അവകാശം ഉണ്ട്.
ഞാന്‍ കുറ്റക്കാരന്‍ ആണെന്ന് ഒരു കോടതിയും പറഞ്ഞില്ലെന്നും അന്തിമ വിധി അല്ലെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.
2022 ല്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു വിവാദ പ്രസംഗം ഉണ്ടായത്. ഏറ്റവും നന്നായി ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണ് നമ്മുടേത്. അതില്‍ കുറച്ചു ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷേ കൃത്യമായി കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എന്നായിരുന്നു പ്രസംഗം. ഇതിനു പിന്നാലെ മന്ത്രി സ്ഥാനത്തിന് സജി ചെറിയാന് രാജിവെക്കേണ്ടി വന്നു.
മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു പ്രവര്‍ത്തകനാണ് താനെന്നും സജി ചെറിയാന്‍ മറ്റൊരു പ്രസംഗത്തില്‍ വിശദീകരിച്ചിരുന്നു. ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് ശാക്തീകരണം ആവശ്യമാണ്. അതാണ് സൂചിപ്പിച്ചത്. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല. അപമാനിക്കല്‍ ഉദ്ദേശിച്ചിട്ടേ ഇല്ലെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. ഭരണഘടനയുടെ ആമുഖം വായിച്ചായിരുന്നു സജി ചെറിയാന്റെ വിശദീകരണം. അംബേദ്കറെ പ്രസംഗത്തില്‍ അപമാനിച്ചിട്ടില്ല. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലും പറയാത്ത കാര്യം പറഞ്ഞെന്ന് പറയുന്നതിലും ദുഃഖം ഉണ്ട്. അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു.
മന്ത്രി സജി ചെറിയാന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി; ഭരണഘടനാ വിരുദ്ധ പ്രസംഗ കേസില്‍ പുനരന്വേഷണം വേണം